ബേപ്പൂരില്‍ യുഡിഎഫ് സ്ഥാനാർഥിയായി പി വി അന്‍വര്‍; സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്

നിയമസഭ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി പി വി അന്‍വര്‍ തന്നെയെന്ന് സ്ഥിരീകരിച്ച് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ്. ബേപ്പൂരിൽ പി വി അൻവർ പ്രചാരണം തുടങ്ങിയതിനെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു സണ്ണി ജോസഫിന്‍റെ പ്രതികരണം. ബേപ്പൂര്‍ എംഎല്‍എയായി പി വി അന്‍വര്‍ ജയിച്ച് വരുമെന്നായിരുന്നു സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

അതേസമയം, ബേപ്പൂർ മണ്ഡലത്തിൽ പി വി അൻവർ അനൗപചാരിക പ്രചാരണം തുടങ്ങിക്കഴിഞ്ഞു. ലീഗ് നേതാവ് എം സി മായിന്‍ ഹാജി ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രമുഖരെ അന്‍വർ നേരിട്ട് കണ്ട് പിന്തുണ തേടി. മന്ത്രി മുഹമ്മദ് റിയാസിനെതിരെ അന്‍വറിലൂടെ ശക്തമായ മത്സരം കാഴ്ചവെക്കാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.

ഭരണവിരുദ്ധവികാരമുണ്ടായാല്‍ അത് പ്രതിഫലിക്കുന്ന മണ്ഡലമാകും ബേപ്പൂർ. അത് മുതലെടുക്കാന്‍ അന്‍വറിന് കഴിയുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരിൽ മന്ത്രി പി എ മുഹമ്മദ് റിയാസ് 28,747 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫിനായിരുന്നു നേട്ടം.

Also Read

More Stories from this section

family-dental
witywide