
ദോഹ: ഖത്തറിലെ വ്യോമപാത നിയന്ത്രണങ്ങൾക്കിടയിലും അഞ്ച് പ്രത്യേക വിമാനങ്ങളിലായി 1600-ഓളം ഇന്ത്യൻ പൗരന്മാർ ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങി. ഖത്തർ എയർവേയ്‌സ് നടത്തിയ സർവീസുകളെക്കുറിച്ചുള്ള വിവരങ്ങൾ ദോഹയിലെ ഇന്ത്യൻ എംബസിയാണ് പുറത്തുവിട്ടത്. ഡൽഹിയിലേക്ക് രണ്ടും മുംബൈ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ഓരോ വിമാനങ്ങളുമാണ് സർവീസ് നടത്തിയത്. നിലവിൽ ഖത്തർ വ്യോമപാത ഭാഗികമായി അടച്ചിട്ടിരിക്കുകയാണെന്നും ഷെഡ്യൂൾ ചെയ്യാത്ത പരിമിതമായ സർവീസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നതെന്നും എംബസി അറിയിച്ചു.
ബുധനാഴ്ച മുതൽ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് ഖത്തർ എയർവേയ്‌സ് സർവീസ് പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാർക്ക് ഖത്തർ എയർവേയ്‌സ് വെബ്‌സൈറ്റ്, മൊബൈൽ ആപ്പ് അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജന്റുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
സൗദി അറേബ്യയിലെ സൽവ അതിർത്തി കടന്ന് റോഡ് മാർഗ്ഗം നാട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കായി താൽക്കാലിക സൗദി ട്രാൻസിറ്റ് വിസകൾ ലഭ്യമാക്കാൻ എംബസി സൗകര്യമൊരുക്കുന്നുണ്ട്. പാസ്‌പോർട്ട് വിതരണം ഉൾപ്പെടെയുള്ള സേവനങ്ങൾക്കായി എംബസി വരും ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും തുറന്നുപ്രവർത്തിക്കും. സഹായങ്ങൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പറുകളും വാട്ട്‌സ്ആപ്പ് സേവനങ്ങളും ലഭ്യമാണ്.
അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും സോഷ്യൽ മീഡിയ വഴിയോ മറ്റോ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുതെന്നും എംബസി ഇന്ത്യൻ സമൂഹത്തോട് അഭ്യർത്ഥിച്ചു.
Qatar Airways brings back over 1,000 Indians, operates flights to five cities including Kochi and Thiruvananthapuram
















