
തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനം ലഭിക്കാത്തതിൽ തനിക്ക് യാതൊരുവിധ അതൃപ്തിയുമില്ലെന്ന് ബിജെപി കൗൺസിലറും മുൻ ഡിജിപിയുമായ ആർ. ശ്രീലേഖ. നേരത്തെ പദവി ലഭിക്കാത്തതിൽ അതൃപ്തയുണ്ടെന്ന് തുറന്നുപറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് നിലപാട് മാറ്റി ശ്രീലേഖ രംഗത്തെത്തിയത്. തനിക്ക് അന്നും ഇന്നും പരാതികളില്ലെന്നും മഹത്തായ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രമേയുള്ളൂവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. നേരത്തെ ചില മലയാള മാധ്യമങ്ങളോടും യുട്യൂബ് ചാനലിനും നൽകിയ അഭിമുഖങ്ങളിലാണ് ആര്‍ ശ്രീലേഖ അതൃപ്തി തുറന്നുപറഞ്ഞത്. തെരഞ്ഞെടുപ്പിൽ നിര്‍ത്തിയത് കൗണ്‍സിലറാകാൻ വേണ്ടി മാത്രമല്ലെന്നും മേയറാക്കുമെന്ന വാഗ്ദാനത്തിന്‍റെ പുറത്താണെന്നും ആര്‍ ശ്രീലേഖ തുറന്നടിച്ചിരുന്നു. മത്സരിക്കാൻ വിസമ്മതിച്ച തന്നെ മേയറാക്കുമെന്ന ഉറപ്പിലാണ് മത്സരിപ്പിച്ചത്. എന്നാൽ പിന്നീട് പാർട്ടി തീരുമാനം മാറിമറിഞ്ഞു. ആ തീരുമാനത്തെ എതിര്‍ത്ത് പോടാ പുല്ലെ എന്ന് പറഞ്ഞ് ഇറങ്ങിയോടാൻ പറ്റില്ല. തന്നെ ജയിപ്പിച്ചവര്‍ ഇവിടെയുണ്ട്. കൗണ്‍സിലറായി അഞ്ചുവര്‍ഷം തുടരാമെന്ന് തീരുമാനിച്ച് ഇവിടെ തന്നെ ഉണ്ടാകുമെന്നും ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു. ഇപ്പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞാണ് ശ്രീലേഖ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മാധ്യമങ്ങൾ വാർത്ത വളച്ചൊടിച്ചതാണെന്നാണ് അവരുടെ പക്ഷം.
ശ്രീലേഖയുടെ കുറിപ്പ്
വൃത്തികെട്ട മാധ്യമപ്രവർത്തനമാണ് കേരളത്തിൽ!
ഇന്ന് എന്നെ ഓഫീസിൽ പ്രവേശിപ്പിക്കാതെ ശല്യം ചെയ്ത് പുറകെ നടന്നു ചോദ്യം ചോദിച്ച് harass ചെയ്ത മുഖ്യധാരാ മാധ്യമങ്ങൾ ചിലർ edit ചെയ്ത ഭാഗങ്ങൾ മാത്രം കാണിച്ച് അവരുടെ കള്ളക്കഥകൾ പ്രചരിപ്പിക്കുന്നു… വിവാദങ്ങൾ വെറുതെ വിറ്റ് ‘കാശ്’ (rating) ആക്കാൻ! ഇതൊക്കെ കാണുന്ന പാവം മലയാളികൾ ചിലരെങ്കിലും അത് വിശ്വസിക്കുന്നു!
ഹാ കഷ്ടം!
ആവർത്തിച്ചു പറയുന്നു- മാപ്രകൾ എന്ത് കള്ളം പറഞ്ഞാലും,
എനിക്ക് ഒരതൃപ്തിയും ഇല്ലായിരുന്നു, ഇപ്പോഴും ഇല്ല.
മഹത്തായ ഭാരതീയ ജനതാ പാർട്ടിയിൽ പ്രവർത്തിക്കുന്നതിൽ അഭിമാനം മാത്രം!
I am a proud party worker, a happy Ward Councillor & a dedicated public servant.
My response to third-rate media persons who spread false stories-
Go, climb a tree! Or for that matter, many trees!














