
ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർപട്ടിക പുതുക്കുന്നതുമായി (SIR) ബന്ധപ്പെട്ട കേസിൽ വാദിക്കുന്നതിനായി മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ടെത്തി. അഭിഭാഷക കൂടിയായ മമത, സുപ്രീം കോടതിയിൽ നേരിട്ട് വാദിക്കാൻ അനുമതി തേടിക്കൊണ്ട് ഒരു ഇടക്കാല അപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.
മമത ബാനർജി വക്കീൽ കുപ്പായമണിഞ്ഞ് സുപ്രീം കോടതിയുടെ പടികൾ കയറുന്ന ചിത്രം തൃണമൂൽ കോൺഗ്രസ് തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരുന്നു. “ജനങ്ങളുടെ അഭിഭാഷക vs ചെകുത്താൻ്റെ അഭിഭാഷക” (People’s Advocate Vs Devil’s Advocate) എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം പ്രചരിച്ചത്.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഈ കേസ് പരിഗണിക്കുന്നത്. മമത ബാനർജിക്കൊപ്പം തൃണമൂൽ എം.പിമാരായ ഡെറിക് ഒബ്രിയാൻ, ഡോള സെൻ എന്നിവരും കോടതിയിൽ ഹാജരായി. വോട്ടർപട്ടിക പുതുക്കുന്നതിലൂടെ വൻതോതിൽ വോട്ടർമാരെ ഒഴിവാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ശ്രമിക്കുന്നു എന്നാണ് മമതയുടെ പ്രധാന പരാതി. 2025-ലെ വോട്ടർപട്ടികയുടെ അടിസ്ഥാനത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടത്തണമെന്നും അവർ ആവശ്യപ്പെടുന്നു. സുപ്രീം കോടതിയുടെ അനുമതി ലഭിച്ചാൽ സ്വന്തം കേസ് വാദിക്കാൻ നേരിട്ടെത്തുന്ന ആദ്യത്തെ മുഖ്യമന്ത്രിയാകും മമത ബാനർജി.
Radical voter list revision in West Bengal; Mamata in the Supreme Court, will Mamata write another history













