
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ ജനങ്ങളുടെ സാമൂഹിക സുരക്ഷ ഉറപ്പാക്കുന്നതിനും സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുന്നതിനുമായി 5 സുപ്രധാന വാഗ്ദാനങ്ങൾ രാഹുൽ ഗാന്ധി ഇന്ന് പ്രഖ്യാപിച്ചു. ഓരോ കുടുംബത്തിനും മികച്ച ആരോഗ്യപരിരക്ഷയും സാമ്പത്തിക ഭദ്രതയും ഉറപ്പാക്കുകയാണ് ഈ പദ്ധതികളുടെ ലക്ഷ്യം. കുടുംബങ്ങൾ നേരിടുന്ന സാമ്പത്തിക പ്രയാസങ്ങൾ ലഘൂകരിക്കുന്നതിനും സംരംഭകത്വം, വയോജന സംരക്ഷണം എന്നീ മേഖലകളിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാൻ സഹായകമാകുന്ന രീതിയിലാണ് ഈ ഗ്യാരന്റികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച പുതുയുഗയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് രാഹുൽ 5 ഗ്യാരന്റികൾ പ്രഖ്യാപിച്ചത്.
പ്രധാന പ്രഖ്യാപനങ്ങൾ
- സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, വിദ്യാർത്ഥിനികൾക്ക് പ്രതിമാസം ₹1,000:
കെ എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കും. ഇത് സ്ത്രീകളുടെ യാത്രാസൗകര്യം വർദ്ധിപ്പിക്കുകയും കുടുംബങ്ങളുടെ ദൈനംദിന ചിലവ് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുന്ന പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി കോളേജ് വിദ്യാർത്ഥിനികൾക്ക് മാസംതോറും 1,000 രൂപ സാമ്പത്തിക സഹായം നൽകും. - ക്ഷേമ പെൻഷൻ ₹3,000 ആയി ഉയർത്തും: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് അർഹമായ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനായി സാമൂഹിക ക്ഷേമ പെൻഷൻ 3,000 രൂപയായി വർദ്ധിപ്പിക്കും.
25 ലക്ഷം ഇൻഷുറൻസ്
- കുടുംബങ്ങൾക്ക് ₹25 ലക്ഷത്തിന്റെ സൗജന്യ ആരോഗ്യ ഇൻഷുറൻസ്: ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’യിലൂടെ ഓരോ കുടുംബത്തിനും 25 ലക്ഷം രൂപ വരെയുള്ള ചികിത്സാ പരിരക്ഷ ലഭിക്കുന്. സാമ്പത്തിക ബാധ്യതയില്ലാതെ മികച്ച ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
- യുവ സംരംഭകർക്ക് ₹5 ലക്ഷം പലിശരഹിത വായ്പ: സംരംഭങ്ങൾ തുടങ്ങുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകും.
- മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ്: കേരളത്തിലെ വയോജനങ്ങളുടെ ക്ഷേമം, സംരക്ഷണം, അന്തസ്സ് എന്നിവ ഉറപ്പാക്കുന്നതിനായി ഒരു പ്രത്യേക വകുപ്പ് രൂപീകരിക്കും.
കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക, സ്ത്രീകളെയും യുവാക്കളെയും ശാക്തീകരിക്കുക, എല്ലാ പൗരന്മാർക്കും സമഗ്രമായ സാമൂഹിക സുരക്ഷ ഒരുക്കുക എന്നിവയാണ് ഈ പദ്ധതികളുടെ കാതൽ. സാധാരണക്കാരുടെ ജീവിതനിലവാരം നേരിട്ട് മെച്ചപ്പെടുത്തുന്ന ഉൾക്കൊള്ളുന്ന വികസനമാണ് ഇതിലൂടെ വിഭാവനം ചെയ്യുന്നത്. ജനക്ഷേമം, പുതിയ തൊഴിൽ അവസരങ്ങൾ, അന്തസ്സുള്ള ജീവിതം എന്നിവയിൽ അധിഷ്ഠിതമായ ഗ്യാരൻ്റികളാണ് കോൺഗ്രസ് നേതൃത്വം ഈ വാഗ്ദാനങ്ങളിലൂടെ മുന്നോട്ട് വെക്കുന്നത്. വിശദമായ പ്രകടന പത്രിക വരും ദിവസങ്ങളിൽ പുറത്തിറക്കും.
Rahul Gandhi announces 5 guarantee for Kerala; Free bus travel for women and 3000 welfare pension promised












