കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ പരസ്യം, ഇവിടത്തെ രാജാവാണെന്ന് പിണറായി കരുതുന്നു; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

കേരളം മുഴുവൻ മുഖ്യമന്ത്രിയുടെ മാത്രം പരസ്യമാണെന്നും തന്നെ നയിക്കാൻ മറ്റാരും ഇല്ലെന്ന അഹങ്കാരത്തിലാണ് പിണറായി വിജയനെന്നും രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് കേരളത്തിൽ മുഖ്യമന്ത്രിയും പിന്തുടരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ ജൈവികമായി ഉണ്ടായതല്ലെന്ന് മോദി പറയുമ്പോൾ, കേരളത്തിലെ രാജാവാണ് താനെന്നാണ് മുഖ്യമന്ത്രിയുടെ വിചാരമെന്നും രാഹുൽ പരിഹസിച്ചു. എൽഡിഎഫ് സർക്കാർ ഇപ്പോൾ ഇടതുപക്ഷ നയങ്ങളിൽ നിന്ന് മാറി മുതലാളിത്ത രീതിയാണ് പിന്തുടരുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണെന്നും രാജ്യത്ത് വെറുപ്പ് പരത്തുന്ന ബിജെപിയുടെ കേരളത്തിലെ പങ്കാളിയാണ് ഇടതുപക്ഷമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കേന്ദ്ര ഏജൻസികൾ തനിക്കെതിരെ തിരിയുമ്പോൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്യാത്തതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി കേസുകളുടെ പേര് പറഞ്ഞ് മോദി പിണറായിയെ കെണിയിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് ബിജെപി കേരള മുഖ്യമന്ത്രിയെ ആക്രമിക്കാത്തതെന്നും രാഹുൽ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ളയെക്കുറിച്ച് മോദി ഒരക്ഷരം മിണ്ടാത്തത് ഇതിന് തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇടതുപക്ഷത്തോട് ചേർന്നുനിൽക്കുന്നവർക്ക് മാത്രം ജോലി ലഭിക്കുന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ അഹങ്കാരം സഹിക്കാൻ കഴിയില്ലെന്ന് ഇടതുപക്ഷക്കാർ തന്നെ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയും ആർഎസ്എസും തന്നെ ആക്രമിച്ചപ്പോൾ മലയാളികൾ ജാതിമതഭേദമന്യേ ചേർത്തുപിടിച്ചുവെന്നും യുഡിഎഫുകാർ മാത്രമല്ല, എൽഡിഎഫുകാർ പോലും തനിക്ക് പിന്തുണ നൽകുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. പഴയ എൽഡിഎഫ് നേതാക്കൾ പലരും ഇപ്പോൾ യുഡിഎഫിനൊപ്പമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

Rahul Gandhi attacks Pinarayi Vijayan; says Kerala CM behaves like a King and acts as BJP’s partner

More Stories from this section

family-dental
witywide