അഴിമതി കേസുകളിൽ പിണറായിയെ മാത്രം ബിജെപി വെറുതെ വിടുന്നത് എന്തുകൊണ്ട്? കാരണം സിപിഎം-ബിജെപി ഡീലെന്ന് രാഹുൽ ഗാന്ധി, യുഡിഎഫ് അധികാരത്തിലേറുമെന്നും പ്രഖ്യാപനം

കേരളത്തിൽ സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചു. ബിജെപിയെ എതിർക്കുന്നവർക്കെതിരെയെല്ലാം കേസെടുക്കുന്ന കേന്ദ്ര ഏജൻസികൾ എന്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനെ വെറുതെ വിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതി കേസുകളിൽ നടപടിയില്ലാത്തത് ഈ അവിശുദ്ധ ബന്ധത്തിന്റെ തെളിവാണ്. സിപിഎമ്മും ബിജെപിയും തമ്മിൽ ഒരു വ്യത്യാസവുമില്ലാതായെന്നും മുതിർന്ന ഇടത് നേതാക്കൾ പോലും ഈ ബന്ധത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ടെന്നും കോഴിക്കോട്ട് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ ഓൺലൈനായി നടത്തിയ പ്രസംഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.

സംസ്ഥാനത്ത് പിൻവാതിൽ നിയമനങ്ങൾ മാത്രമാണ് നടക്കുന്നതെന്നും പിഎസ്‌സി റാങ്ക് ഹോൾഡർമാരെ അവഗണിച്ച് പാർട്ടി ബന്ധുക്കൾക്കാണ് ജോലി നൽകുന്നതെന്നും അദ്ദേഹം വിമർശിച്ചു. കേരളത്തിൽ ലക്ഷക്കണക്കിന് ആളുകൾ ലഹരിക്ക് അടിമകളായതാണ് ഇടതുപക്ഷത്തിന്റെ നേട്ടമെന്ന് രാഹുൽ പരിഹസിച്ചു. ശബരിമലയിലെ സ്വർണ്ണം വരെ മോഷ്ടിച്ചവർക്ക് ദൈവത്തെ പോലും പേടിയില്ലെന്നും ഇവർ എങ്ങനെ കേരളത്തെ രക്ഷിക്കുമെന്നും അദ്ദേഹം ചോദിച്ചു. യുഡിഎഫ് അധികാരത്തിലേറുമെന്ന പ്രഖ്യാപനവും രാഹുൽ നടത്തി. അധികാരത്തിൽ വന്നാൽ പ്രഖ്യാപിച്ച എല്ലാ ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ഉറപ്പുനൽകി.

നേരത്തെ കേരളത്തിൽ എൽഡിഎഫും ബിജെപിയും തമ്മിൽ ശക്തമായ രാഷ്ട്രീയ ധാരണയുണ്ടെന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും അഭിപ്രായപ്പെട്ടിരുന്നു. സിപിഎമ്മിനെ ജയിപ്പിക്കാനാണ് പല മണ്ഡലങ്ങളിലും ബിജെപി ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തിയിരിക്കുന്നത്. എൽഡിഎഫിന് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും വികസന മുരടിപ്പിൽ നിന്ന് കേരളത്തെ രക്ഷിക്കാൻ മാറ്റം അനിവാര്യമാണെന്നും ഖർഗെ പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വരുമെന്നും പ്രകടനപത്രികയിലെ എല്ലാ ഗ്യാരന്റികളും നടപ്പിലാക്കുമെന്നും ഖർഗെ ഉറപ്പുനൽകി. കർണാടകയിലും തെലങ്കാനയിലും ഹിമാചൽ പ്രദേശിലും കോൺഗ്രസ് വാഗ്ദാനങ്ങൾ പാലിച്ചു കഴിഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയങ്ങൾ നിർമ്മിക്കുമെന്നും കായിക താരങ്ങൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നാടിന്റെ ഐക്യം തകർക്കാൻ ശ്രമിക്കുന്ന ബിജെപിയെയും സിപിഎമ്മിനെയും നേരിടാൻ ജനങ്ങൾ കൈപ്പത്തി അടയാളത്തിന് വോട്ട് ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Rahul Gandhi Questions BJP’s Silence on Pinarayi Vijayan; Alleges CPM-BJP Deal in Kerala Elections

More Stories from this section

family-dental
witywide