
ആലപ്പുഴ: മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ജയിലിൽ നിന്ന് മോചിതനായി. അറസ്റ്റിലായി പതിനെട്ടാം ദിവസമാണ് പത്തനംതിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്. മാവേലിക്കര സബ് ജയിലിന് പുറത്ത് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ജയിലിന് മുന്നിൽ പൊലീസുകാരും പ്രതിഷേധക്കാരും തമ്മിൽ ഉന്തും തള്ളും നടന്നു.
ഉപാധികളോടെയാണ് പത്തനംതിട്ട സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ എല്ലാ ശനിയാഴ്ചകളിലും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കരുത്, സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തരുത് തുടങ്ങിയ വ്യവസ്ഥകൾ കോടതി വ്യക്തമാക്കി. എസ്ഐടിക്ക് പ്രതിയെ കൂടുതൽ കസ്റ്റഡിയിൽ ആവശ്യമില്ലാത്ത സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി പറഞ്ഞു. പ്രതിഭാഗം ഹാജരാക്കിയ ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെയുള്ളവ കേസിന്‍റെ അടുത്ത ഘട്ടത്തിൽ കൂടുതൽ പരിഗണിക്കേണ്ടതാണെന്നും ജാമ്യ ഉത്തരവിൽ കോടതി രേഖപ്പെടുത്തി. ബലാത്സംഗ കുറ്റം നിലനിൽക്കുമോ എന്ന കാര്യത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
വിവാഹ വാഗ്ദാനം നൽകിയുള്ള പീഡനമാണ് പരാതിക്കാരിയുടെ ആരോപണം. എന്നാൽ, നിലവിലെ വിവാഹബന്ധം വേർപെടുത്താതെ മറ്റൊരു ബന്ധത്തിലേക്ക് എങ്ങനെ പോകാൻ സാധിക്കുമെന്ന് കോടതി ചോദിച്ചു. പരാതിക്കാരിയോ അവരുടെ ഭർത്താവോ വിവാഹമോചനത്തിനുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. പീഡനം നടന്നതായി പറയപ്പെടുന്ന കാലഘട്ടത്തിനു ശേഷവും എംഎൽഎയുമായി സൗഹൃദപരമായ സംഭാഷണങ്ങൾ നടന്നിട്ടുണ്ട്. വാട്സ്ആപ്പ് ചാറ്റുകൾ ഉൾപ്പെടെയുള്ള തെളിവുകൾ പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചിരുന്നു. ബലാത്സംഗ കുറ്റം നിലനിൽക്കുന്നതിനെ സംബന്ധിച്ച് കൂടുതൽ അന്വേഷണം വേണമെന്ന നിഗമനത്തിലേക്ക് കോടതി എത്തി.
കുറ്റകൃത്യം നടന്നതായി പറയപ്പെടുന്നതിനു ശേഷം പരാതി നൽകാൻ ഉണ്ടായ കാലതാമസവും കോടതി ഗൗരവമായി പരിഗണിച്ചു. അറസ്റ്റ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കണ്ടെത്തിയ കോടതി, എസ്ഐടിക്ക് ഇനി പ്രതിയെ കസ്റ്റഡിയിൽ ആവശ്യമില്ലെന്ന നിലപാടിലെത്തി. പരാതിക്കാരിയെ ഭീഷണിപ്പെടുത്തരുത് എന്നതുൾപ്പെടെയുള്ള വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ പതിനൊന്നാം തീയതി രാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്നാണ് അതീവ രഹസ്യമായി ക്രൈം ബ്രാഞ്ച് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.









