
ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ പിന്തുണയ്ക്കുകയും തന്നെ അധിക്ഷേപിക്കുകയും ചെയ്ത പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ അതിജീവിത പരാതി നൽകി. ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് അതിജീവിത കേരള പൊലീസിന് അയച്ച പരാതിയിൽ ആവശ്യപ്പെട്ടു. തനിക്കെതിരെ സോഷ്യൽ മീഡിയ വഴി അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും തന്റെ ഐഡന്റിറ്റി വെളിപ്പെടുത്തിയെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. അധിക്ഷേപങ്ങൾക്കും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനും എതിരെ സൈബർ സെൽ അന്വേഷണവും നിയമനടപടിയും വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. കൂടാതെ, തന്റെ സുരക്ഷ കണക്കിലെടുത്ത് പൊലീസ് സംരക്ഷണം നൽകണമെന്നും അവർ ആവശ്യപ്പെട്ടു. സത്യം പറയാൻ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുന്നതിൽ കേരള പൊലീസിൽ താൻ വിശ്വസിക്കുന്നുവെന്നും അതിജീവിത പരാതിയിൽ കൂട്ടിച്ചേർത്തു.
അതിജീവിതയുടെ പരാതിയുടെ പൂർണരൂപം
‘ഒരു സ്ത്രീക്ക്, പ്രത്യേകിച്ച് തെരഞ്ഞെടുക്കപ്പെട്ട സ്ത്രീക്ക്, ബലാത്സംഗത്തിന് ഇരയായ ഒരു സ്ത്രീയെ സമൂഹമാധ്യമത്തിന് മുന്നില്‍ വിചാരണ ചെയ്യാന്‍ അവകാശമില്ല. ആര്‍. ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഞാന്‍ താഴ്മയായി അഭ്യര്‍ത്ഥിക്കുന്നു. അവരുടെ ഫേസ്ബുക്ക് വീഡിയോ പിന്‍വലിക്കുകയും ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കുകയും വേണം. അതിജീവിതയെ അധിക്ഷേപിച്ചതിനും ഐഡന്റിറ്റി വെളിപ്പെടുത്തിയതിനും സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുമെതിരെ സൈബര്‍ സെല്‍ അന്വേഷണവും നിയമനടപടിയും വേണം. എന്റെ സുരക്ഷയ്ക്കായി പൊലീസ് സംരക്ഷണം വേണം. എന്നെ മാത്രമല്ല, സത്യം പറയാന്‍ ധൈര്യപ്പെടുന്ന ഓരോ സ്ത്രീയെയും സംരക്ഷിക്കുനന്തില്‍ ഞാന്‍ കേരള പൊലീസില്‍ വിശ്വസിക്കുന്നു’.
വിശ്വസ്തതയോടെ
അതിജീവിത












