
ബലാത്സംഗ കേസിൽ അറസ്റ്റിലായ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പരസ്യമായി പിന്തുണച്ച സംഭവത്തിൽ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയോട് ഡിസിസി വിശദീകരണം തേടി. പാർട്ടിയുടെ പ്രഖ്യാപിത നിലപാടുകൾക്ക് വിരുദ്ധമായും അച്ചടക്ക ലംഘനം നടത്തിയും സോഷ്യൽ മീഡിയ വഴി രാഹുലിനെ പിന്തുണച്ചത് പൊതുജനങ്ങൾക്കിടയിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ ചൂണ്ടിക്കാട്ടി. സംഭവത്തിൽ നേരിട്ടോ രേഖാമൂലമോ വിശദീകരണം നൽകാനാണ് നിർദ്ദേശം.
വിശദീകരണം തൃപ്തികരമല്ലെങ്കിൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ഡിസിസി നേതൃത്വം വ്യക്തമാക്കി. കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ഈ വിഷയത്തിൽ ഇടപെടുകയും ഡിസിസിയോട് വിവരങ്ങൾ ആരായുകയും ചെയ്തിട്ടുണ്ട്. ബലാത്സംഗക്കേസിൽ അറസ്റ്റിലായതിനെത്തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് നേരത്തെ പുറത്താക്കിയിരുന്നു. ഈ സാഹചര്യത്തിൽ പാർട്ടി അംഗമായ ശ്രീനാദേവി കുഞ്ഞമ്മ പിന്തുണയുമായി എത്തിയത് കോൺഗ്രസിനുള്ളിൽ വലിയ വിവാദങ്ങൾക്കാണ് വഴിതെളിച്ചത്.













