രാഹുൽ മങ്കൂട്ടത്തിൽ പൊലീസ് കസ്റ്റഡിയിൽ, പാതിരാത്രി പാലക്കാട്ടു നിന്നു പിടികൂടി, നടപടി പുതിയ പരാതിയിൽ

പാലക്കാട്: രാഹുൽ മങ്കൂട്ടത്തിൽ എംഎൽഎയെ പൊലീസ് കസ്റ്റഡിയിൽ. പാലക്കാട് കെപിഎം ഹോട്ടലിൽനിന്ന് ശനിയാഴ്ച രാത്രി 12.30-ഓടെയാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്.
ബലാത്സംഗവും ഗർഭച്ഛിദ്രത്തിനുള്ള പ്രേരണയുമുൾപ്പെടെ ആരോപിച്ച് ഒരു യുവതി നൽകിയ പുതിയ പരാതിയിലാണ് നടപടി എന്നാണ് വിവരം. ഇ-മെയിൽ വഴിയാണ് പുതിയ പരാതി ലഭിച്ചതെന്നും യുവതിയുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തിയെന്നുമാണ് അറിയുന്നത്.

ഹോട്ടൽമുറിയിൽ പേഴ്സണൽ സ്റ്റാഫ് കൂടെയില്ലാത്ത സമയത്താണ് ഷൊർണൂർ ഡിവൈഎസ്പി ഉൾപ്പെടെയുള്ള പ്രത്യേക പോലീസ് സംഘം രാഹുലിനെ കസ്റ്റഡിയിലെടുത്തത്. ഹോട്ടൽ ജീവനക്കാരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുത്തതിന് ശേഷമായിരുന്നു പോലീസിന്റെ നടപടി.

രണ്ടുദിവസമായി രാഹുൽ പാലക്കാട്ടുണ്ട്. ക്ഷേത്രച്ചടങ്ങുകളിലുൾപ്പെടെ പങ്കെടുത്തിരുന്നു. രാഹുൽ താമസിച്ചിരുന്ന റൂം നമ്പർ 2002 പോലീസ് സീൽചെയ്തു. കഴിഞ്ഞദിവസമാണ് രാഹുൽ ഇവിടെ മുറിയെടുത്തത്.

അതേസമയം, പുതിയ പരാതിയോടെ നിലവിൽ രാഹുലിനെതിരേ സമാനമായ മൂന്ന് കേസുകളാണുള്ളത്. ആദ്യ കേസിൽ ഹൈക്കോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണക്കോടതിയിൽനിന്ന് മുൻകൂർ ജാമ്യവും ലഭിച്ചു. കേസുകൾക്ക് പിന്നാലെ രാഹുലിനെ കോൺഗ്രസ് പുറത്താക്കി.

More Stories from this section

family-dental
witywide