യാത്രക്കാർ ഹാപ്പിയല്ലേ! റെയിൽവേ ടിക്കറ്റ് റദ്ദാക്കൽ ചട്ടങ്ങളിൽ വൻ പരിഷ്കാരം; കൂടുതൽ ആനുകൂല്യങ്ങൾ

ട്രെയിൻ ടിക്കറ്റുകൾ റദ്ദാക്കുന്നതിനും യാത്രാ മാറ്റങ്ങൾ വരുത്തുന്നതിനും പുതിയ പരിഷ്കാരങ്ങളുമായി ഇന്ത്യൻ റെയിൽവേ. യാത്രയ്ക്ക് 72 മണിക്കൂർ മുൻപ് ടിക്കറ്റ് റദ്ദാക്കുന്നവർക്ക് ഇനി മുതൽ പരമാവധി റീഫണ്ട് തുക ലഭിക്കും. നേരത്തെ ഇത് 48 മണിക്കൂർ ആയിരുന്നു. റീഫണ്ട് നടപടികൾ കൂടുതൽ വേഗത്തിലാക്കിയതായും റെയിൽവേ അറിയിച്ചു. എന്നാൽ യാത്രയ്ക്ക് 24 മണിക്കൂർ മുൻപ് റദ്ദാക്കിയാൽ ടിക്കറ്റ് നിരക്കിന്റെ 25 ശതമാനവും, 8 മണിക്കൂർ മുൻപ് വരെ 50 ശതമാനവും ചാർജ് ഈടാക്കും. യാത്രയ്ക്ക് 8 മണിക്കൂറിൽ താഴെ മാത്രമുള്ളപ്പോൾ ടിക്കറ്റ് റദ്ദാക്കിയാൽ തുകയൊന്നും തിരികെ ലഭിക്കില്ല.

യാത്രക്കാർക്ക് ഏറെ ഗുണകരമാകുന്ന മാറ്റങ്ങളാണ് ബോർഡിംഗ് പോയിന്റിലും ക്ലാസ് അപ്ഗ്രേഡേഷനിലും വരുത്തിയിരിക്കുന്നത്. ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ഇനി ബോർഡിംഗ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. നഗരമേഖലകളിൽ യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ആശ്വാസമാകും. കൂടാതെ, യാത്രാ ക്ലാസ് ഉയർത്താനുള്ള (Travel Class Upgrade) സൗകര്യവും ചാർട്ട് തയ്യാറാക്കുന്നത് വരെ കാത്തുനിൽക്കാതെ യാത്രയ്ക്ക് 30 മിനിറ്റ് മുൻപ് വരെ ചെയ്യാവുന്നതാണ്. ഏത് സ്റ്റേഷനിൽ നിന്നും ടിക്കറ്റുകൾ റദ്ദാക്കാം എന്നതും പുതിയ പരിഷ്കാരത്തിന്റെ പ്രത്യേകതയാണ്.

ടിക്കറ്റ് ബുക്കിംഗ് രംഗത്തെ ക്രമക്കേടുകൾ തടയാൻ ശക്തമായ നടപടികളും റെയിൽവേ സ്വീകരിച്ചിട്ടുണ്ട്. ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന ബോട്ടുകളെ തടയാൻ അത്യാധുനിക ആന്റി-ബോട്ട് സംവിധാനം ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി സംശയാസ്പദമായ രീതിയിൽ കണ്ടെത്തിയ 3 കോടി യൂസർ ഐഡികൾ റെയിൽവേ റദ്ദാക്കി. സാധാരണ യാത്രക്കാർക്ക് ബുക്കിംഗ് കൂടുതൽ സുതാര്യവും എളുപ്പവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

Railway announces major reforms in ticket cancellation and refund rules

More Stories from this section

family-dental
witywide