
തിരുവനന്തപുരം: കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ഇതിൻ്റെ ഭാഗമായി ഇന്ന് വടക്കൻ കേരളത്തിലെ മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
വ്യാഴാഴ്ച വരെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്കൻ ജില്ലകളിൽ മഴ ലഭിക്കുമെങ്കിലും മറ്റ് ജില്ലകളിൽ ഉയർന്ന താപനില തുടരാനാണ് സാധ്യത.
മഴ പ്രവചനമുണ്ടെങ്കിലും പകൽ സമയങ്ങളിൽ ചൂട് കടുക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു. സൂര്യതാപം, നിർജ്ജലീകരണം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.മഴ ലഭിക്കുന്ന ഇടങ്ങളിൽ ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
Rain warning in the state: Yellow alert in three districts today; advice to continue being vigilant against heat










