‘നട്ടെല്ലുണ്ടെങ്കിൽ കേസ് കൊടുക്കട്ടെ’; സ്വത്തുവിവരങ്ങൾ മറച്ചുവെച്ചെന്ന ആരോപണത്തിൽ കോൺഗ്രസിനെ വെല്ലുവിളിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സ്വത്തുവിവരങ്ങൾ മറച്ചുവെച്ചു എന്ന കോൺഗ്രസിൻ്റെ ആരോപണങ്ങൾക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. നട്ടെല്ലുണ്ടെങ്കിൽ കോൺഗ്രസ് തനിക്കെതിരെ കേസ് കൊടുക്കട്ടെയെന്നും കള്ളം പ്രചരിപ്പിച്ച് തിരഞ്ഞെടുപ്പിനെ നേരിടരുതെന്നും അദ്ദേഹം വെല്ലുവിളിച്ചു.

ബെംഗളൂരുവിലെ 200 കോടി രൂപ വിലമതിക്കുന്ന വീടിൻ്റെ വിവരം സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്ന് കാണിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. സ്വന്തമായി വീടില്ലെന്നാണ് സത്യവാങ്മൂലത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്നായിരുന്നു ആരോപണം. ഇതിന് മറുപടിയായാണ് രാജീവ് ചന്ദ്രശേഖർ രംഗത്തെത്തിയത്.

തന്നെ ‘വരത്തൻ’ എന്ന് വിളിക്കുന്ന കോൺഗ്രസ് നിലപാടിനെയും അദ്ദേഹം വിമർശിച്ചു. ഇറ്റലിയിൽ ജനിച്ച സോണിയ ഗാന്ധിയെ പാർട്ടി പ്രസിഡൻ്റാക്കിയവരാണ് തന്നെ അധിക്ഷേപിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. കൂടാതെ, തനിക്കെതിരെ നിരന്തരം ആക്ഷേപങ്ങൾ ഉന്നയിക്കുന്ന മന്ത്രി വി. ശിവൻകുട്ടിക്ക് ഭ്രാന്തായോ എന്ന് സംശയമുണ്ടെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

സ്ഥാനാർത്ഥിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് നികുതി രസീതുകൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. പത്രികയിൽ ബംഗളൂരുവിലെ വീടിൻ്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ലെന്ന് കാണിച്ച് യുഡിഎഫ് സ്ഥാനാർഥി കെ.എസ്.ശബരിനാഥൻ പരാതി നൽകുകയായിരുന്നു. സൂക്ഷ്മപരിശോധനയ്ക്കിടെ പത്രിക മാറ്റിവയ്ക്കുകയായിരുന്നു. പിന്നീട് വരണാധികാരി യുഡിഎഫിൻ്റെ പരാതി തള്ളി.

അതേസമയം, ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് യു ഡി എഫ് സ്ഥാനാർഥി വ്യക്തമാക്കിയിട്ടുണ്ട്.

Rajeev Chandrasekhar challenges Congress over allegations of concealing assets

More Stories from this section

family-dental
witywide