നിയമസഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ സജീവമാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനായി പ്രഖ്യാപിച്ചു. ശശി തരൂർ ആണ് പ്രചാരണ സമിതിയുടെ സഹ അധ്യക്ഷൻ. ഷാഫി പറമ്പിൽ എംപിയെ കൺവീനറായും നിയമിച്ചു. ബെന്നി ബഹ്‌നാൻ എം.പി പ്രകടനപത്രിക സമിതി ചെയർമാൻ ആകും. കൊടിക്കുന്നിൽ സുരേഷാണ് സഹഅധ്യക്ഷൻ.
കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് എ.ഐ.സി.സി ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ പരിചയസമ്പന്നരായ നേതാക്കളെ മുൻനിർത്തിയുള്ള നീക്കമാണ് കോൺഗ്രസ് നടത്തുന്നത്.
സംഘടനാപരമായ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം യുവാക്കൾക്കും മുതിർന്നവർക്കും അർഹമായ പ്രാധാന്യം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സമിതി രൂപീകരിച്ചിരിക്കുന്നത്. പ്രചാരണ പരിപാടികളുടെ പൂർണ്ണ നിയന്ത്രണം ചെന്നിത്തലയ്ക്കായിരിക്കും. തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിലും സ്ഥാനാർത്ഥി നിർണ്ണയത്തിലും സമിതിക്ക് നിർണ്ണായക പങ്കുണ്ടാകും. ഷാഫി പറമ്പിലിന്റെ സംഘടനാ മികവ് പ്രചാരണത്തിൽ യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കാൻ സഹായിക്കുമെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ.
നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, യുഡിഎഫിനെ സജീവമായി കളത്തിലിറക്കാൻ ഈ പുനഃസംഘടന സഹായിക്കുമെന്ന് കോൺഗ്രസ് നേതൃത്വം കരുതുന്നു. വരും ദിവസങ്ങളിൽ മണ്ഡലം അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനാണ് സമിതിയുടെ തീരുമാനം. സർക്കാരിനെതിരായ പ്രതിഷേധ പരിപാടികൾക്ക് കൂടുതൽ കരുത്ത് പകരുകയും താഴെത്തട്ടിൽ പാർട്ടിയെ സജ്ജമാക്കുകയും ചെയ്യുക എന്നതാണ് പ്രചാരണ സമിതിയുടെ പ്രാഥമിക ദൗത്യം.
Ramesh Chennithala to Head Congress Campaign Committee for 2026 Kerala Assembly Polls; Shafi Parambil Named Convener














