തെരഞ്ഞെടുപ്പിൽ വിശ്വസ്തർക്ക് സീറ്റില്ലാതെ രമേശ് ചെന്നിത്തല; പട്ടികയിലെ മൂന്നിലൊന്ന് പേരും കെ.സി പക്ഷക്കാർ

തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം പൂർത്തിയായപ്പോൾ കെ.സി വേണുഗോപാൽ പക്ഷത്തിന് നേട്ടവും രമേശ് ചെന്നിത്തലയ്ക്ക് നഷ്ടവും. സീറ്റ് ലഭിച്ച 92 സീറ്റിൽ മൂന്നിലൊന്നും കെ.സിക്കൊപ്പം നിൽക്കുന്നവരാണ്. പഴയ എ ഗ്രൂപ്പുകാരും ഐ ഗ്രൂപ്പുകാരുമായ പല നേതാക്കളും ഇപ്പോൾ കെ.സി പക്ഷത്താണ്. അംഗബലത്തിൽ സ്ഥാനാർഥികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്താണ് എ ഗ്രൂപ്പാണ്. 21 പേർ എ ഗ്രൂപ്പ് സംവിധാനത്തിന്റെ ഭാഗമായി നിൽക്കുന്നവരാണ്.

തൃശൂർ ജില്ലയിലാണ് കെ.സി. വേണുഗോപാലിനോട് അടുപ്പമുള്ളവർ ഏറ്റവും കൂടുതൽ മത്സരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, ഇടുക്കി, തിരുവനന്തപുരം എന്നീ ജില്ലകളിൽ കെ.സി. ഗ്രൂപ്പിലെ മൂന്ന് വീതം സ്ഥാനാർഥികൾ ആണ് മത്സരിക്കുന്നത്. മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നീ ജില്ലകളിൽ രണ്ടുവീതം സ്ഥാനാർഥികൾ ആണ് ജനവിധി തേടുന്നത്. എറണാകുളം ജില്ലയിലാണ് സ്ഥാനാർഥികളിൽ കെ.സി പക്ഷക്കാർ കുറവുള്ളത്.

അതേസമയം, രമേശ് ചെന്നിത്തല ഗ്രൂപ്പിൻ്റെ ശക്തരായ പലർക്കും ഇത്തവണ സീറ്റ് ലഭിച്ചില്ല. ജോസഫ് വാഴക്കൻ, ബാബു പ്രസാദ്, എൻ. സുബ്രമണ്യം തുടങ്ങി രമേശിന്റെ വിശ്വസ്തരിൽ പലരെയും അവസാന നിമിഷം പട്ടികയിൽനിന്ന് വെട്ടി നീക്കി. രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിൽക്കുന്ന 16 പേർ മാത്രമാണ് ഇത്തവണ മത്സരിക്കുന്നത്. വയനാട്, പാലക്കാട്, എറണാകുളം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതൽ രമേശ് ചെന്നിത്തല ഗ്രൂപ്പുകാർ മത്സരിക്കുന്നത്. കാസർകോട് കണ്ണൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ രമേശ് ചെന്നിത്തലയ്ക്ക് ഒപ്പം നിൽക്കുന്നവർ ഓരോ സീറ്റിലും മത്സരിക്കുന്നുണ്ട്.

എന്നാൽ, വി.ഡി. സതീശനോട് ഒപ്പം ഉറച്ച് നിൽക്കുന്ന എട്ട് പേരാണ് കോൺഗ്രസ് സ്ഥാനാർഥി പട്ടികയിൽ സ്ഥാനം പിടിച്ചത്. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ വി.ഡി. സതീശൻ ഗ്രൂപ്പിൽപ്പെട്ട രണ്ട് പേര് വീതമാണ് മത്സരിക്കുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ എംപിമാർക്ക് സീറ്റ് നിഷേധിച്ചുവെങ്കിലും പല എംപിമാരും പറഞ്ഞ പേരുകൾ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. കെ സുധാകരൻ നിർദേശിച്ച കെ.പി. ഷാജു, അടൂർ പ്രകാശ് നിർദേശിച്ച രമ്യ ഹരിദാസ്, മീനാങ്കൽ കുമാർ, ശാന്തകുമാർ , ആന്റോ ആന്റണി നിർദേശിച്ച രണ്ട് പേരും കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബെഹനാൻ എന്നിവർ നിർദേശിച്ച ഒരോരുത്തരും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.

Ramesh Chennithala will not have seats for loyalists in the elections; one-third of the list is KC supporters