
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിൽ യുഡിഎഫിന് അനുകൂലമായ തരംഗമാണെന്ന് സ്ഥാനാർത്ഥി രമേഷ് പിഷാരടി. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “പാലക്കാടൻ കാറ്റ് ഇപ്പോൾ യുഡിഎഫിന് അനുകൂലമാണ്, ഇത്തവണ എല്ലാം സൂപ്പറാകും” എന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വോട്ടിന് കാശ്, കേരളത്തിൽ കാണാത്ത കാഴ്ച. ജനാധിപത്യ വിരുദ്ധമായ നടപടി. പണവും സാരിയും നൽകുന്നുണ്ട് എന്ന് അറിഞ്ഞിരുന്നു, ദൃശ്യങ്ങൾ പുറത്തു വന്നത് ഇപ്പോൾ മാത്രം. നിഴൽ എന്ന് പറയുന്നതിനോട് ഒന്നുംപറയാൻ ഇല്ല. ജനങ്ങൾക്ക് കണ്ടു കഴിയുമ്പോൾ കാര്യം മനസിലാകും. താൻ ദുർബലനും അരാഷ്ട്രീയ വാദിയും എന്ന് പറയുന്നു, ദുർബലൻ ആണെങ്കിൽ എന്തിന് ഇത്രയും അധിക്ഷേപം. തനിക്കെതിരെ കഥയുണ്ടെന്നും 10 ന് ശേഷം പുറത്തു വിടുമെന്നും പറയുന്ന ശോഭയുടെ പ്രസ്താവനയിലും പിഷാരടി പ്രതികരിച്ചു. അങ്ങനെ ഉണ്ടെങ്കിൽ തെരഞ്ഞെടുപ്പിന് മുൻപ് അല്ലെ പറയേണ്ടതെന്നും അദ്ദേഹം ചോദിച്ചു.
മണ്ഡലത്തിലുടനീളം വോട്ടർമാരിൽ നിന്ന് ലഭിക്കുന്ന ആവേശകരമായ പ്രതികരണം തൻ്റെ വിജയസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും വികസന മുരടിപ്പിനെതിരെയുള്ള ജനങ്ങളുടെ വികാരമാണ് പ്രചാരണവേളയിൽ കാണാൻ കഴിഞ്ഞതെന്നും അദ്ദേഹം നേരത്തെ പ്രതികരിച്ചിരുന്നു. യുഡിഎഫ് പ്രചാരണത്തിന് ആവേശം പകരാൻ മുതിർന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ പാലക്കാട്ടെത്തിയിരുന്നു. കേരളത്തിലുടനീളം യുഡിഎഫ് തരംഗമാണെന്നും പാലക്കാട് അത് പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, ചലച്ചിത്ര രംഗത്തെ പ്രമുഖരായ മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ് എന്നിവർ വീഡിയോ കോളിലൂടെ പിഷാരടിക്ക് പിന്തുണ അറിയിച്ചതും വലിയ ചർച്ചയായിരുന്നു.
വടക്കന്തറയിൽ പര്യടനം നടത്തുന്നതിനിടെ ബിജെപി പ്രവർത്തകർ രമേഷ് പിഷാരടിയെ തടഞ്ഞത് നേരിയ സംഘർഷത്തിന് കാരണമായി. എന്നാൽ ഇത്തരം തടസ്സങ്ങൾ തൻ്റെ വിജയയാത്രയെ ബാധിക്കില്ലെന്നും ജനകീയ പിന്തുണയോടെ മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പാലക്കാട് മണ്ഡലം നിലനിർത്താൻ യുഡിഎഫ് സർവ്വസജ്ജമായി രംഗത്തുണ്ട്.
Ramesh Pisharody says he will win with a huge majority













