രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയെ ജയിലാക്കിയ യുവതിയുടെ പരാതിയുടെ വിശദാംശങ്ങൾ പുറത്ത്.തന്നെ മൂന്ന് മണിക്കൂറോളം ക്രൂരമായി പീഡിപ്പിക്കുകയും വിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നു. ഹോം സ്റ്റേയിൽ വെച്ച് മർദ്ദിച്ചും ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചുവെന്ന് പരാതിക്കാരി പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കുന്നു. പീഡനത്തിന് ശേഷം താൻ അനുഭവിച്ച ശാരീരികവും മാനസികവുമായ പ്രയാസങ്ങൾ യുവതി വിവരിച്ചിട്ടുണ്ട്. പ്രതിയുടെ അധികാരവും സ്വാധീനവും ഉപയോഗിച്ച് തന്നെ ഇല്ലാതാക്കുമെന്ന് ഭയന്നാണ് ഇത്രയും കാലം മൗനം പാലിച്ചതെന്നും യുവതി പറയുന്നു. ലൈംഗിക പീഡനത്തിന് പുറമെ ശാരീരികമായ മർദ്ദനവും ഭീഷണിയും നേരിട്ടതായി യുവതി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായും തുടർന്ന് ഗർഭഛിദ്രത്തിന് നിർബന്ധിച്ചതായും പരാതിയിലുണ്ട്. ഇതിനോടകം തന്നെ രണ്ട് ബലാത്സംഗക്കേസുകൾ നിലവിലുള്ള രാഹുലിന് ഈ പുതിയ പരാതി വലിയ നിയമക്കുരുക്കായി മാറിയിരിക്കുകയാണ്.
വിവാഹവാഗ്ദാനം നൽകി വിശ്വാസത്തിലെടുത്ത ശേഷം നിരന്തരം ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും, ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. പരാതി നൽകാൻ തുനിഞ്ഞപ്പോൾ രാഹുൽ തന്നെ ഫോണിൽ വിളിച്ച് അസഭ്യം പറയുകയും കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഈ ഭീഷണിയുടെ ശബ്ദരേഖകൾ ഉൾപ്പെടെയുള്ള തെളിവുകൾ യുവതി പോലീസിന് കൈമാറിയിട്ടുണ്ട്. കേസ് എടുക്കുന്നതിന് മുൻപ് തന്നെ രാഹുൽ ഇത്തരത്തിൽ സമ്മർദ്ദ തന്ത്രങ്ങൾ പ്രയോഗിച്ചതായി പോലീസ് കോടതിയെ അറിയിച്ചു.
യുവതിയുടെ പരാതിയിൽ രാഹുലിനെതിരെ ബലാത്സംഗം, വധഭീഷണി, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണെന്നും സമാനമായ രീതിയിൽ മറ്റ് പലരെയും ഇയാൾ ചൂഷണം ചെയ്തിട്ടുണ്ടെന്നും പോലീസ് സംശയിക്കുന്നു. പ്രതിയുടെ ഫോണും മറ്റ് ഡിജിറ്റൽ തെളിവുകളും പോലീസ് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.
യുവതിയുടെ പരാതിയിൽ അതീവ ഗൗരവത്തോടെയാണ് പോലീസ് നടപടികൾ സ്വീകരിക്കുന്നത്. മുൻപ് നിയമത്തിൽ നിന്ന് ഒളിച്ചോടിയ ചരിത്രമുള്ളതിനാൽ അതീവ രഹസ്യമായാണ് രാഹുലിനെ കസ്റ്റഡിയിലെടുത്തത്. രാഹുലിനെ ജയിലിലടച്ചതോടെ അന്വേഷണം കൂടുതൽ ഊർജിതമാക്കാനാണ് പോലീസ് തീരുമാനം. രാഹുൽ ഒരു സ്ഥിരം കുറ്റവാളിയാണെന്ന നിരീക്ഷണത്തിലാണ് പോലീസ് ഈ കേസിലും മുന്നോട്ടുപോകുന്നത്. നിലവിൽ മാവേലിക്കര ജയിലിൽ റിമാൻഡിലുള്ള രാഹുലിനെ വരും ദിവസങ്ങളിൽ കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.













