
ന്യൂഡൽഹി: പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് 33 ആൺകുട്ടികളെ ഇരയാക്കിയ ഉത്തർപ്രദേശിലെ ദമ്പതികൾക്ക് വധശിക്ഷ. ഉത്തർപ്രദേശിലെ ബന്ദയിലുള്ള പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ക്രൂരമായ ഈ കേസിനെ “അപൂർവ്വങ്ങളിൽ അപൂർവ്വം” എന്നാണ് കോടതി വിശേഷിപ്പിച്ചത്.
ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ മുൻ ജൂനിയർ എൻജിനീയറായ രാംഭവൻ (50), ഭാര്യ ദുർഗാവതി (47) എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. പത്ത് വർഷത്തിനിടെ (2010-2020) 33 ആൺകുട്ടികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും അതിൻ്റെ ദൃശ്യങ്ങൾ ഡാർക്ക് വെബ് വഴി 47 രാജ്യങ്ങളിൽ വിൽക്കുകയും ചെയ്തു.
മൂന്നുമുതൽ 10 വയസ്സ് വരെ പ്രായമുള്ള കുട്ടികളെയാണ് ഇവർ ലക്ഷ്യം വെച്ചിരുന്നത്. ഓൺലൈൻ വീഡിയോ ഗെയിമുകളും പണവും സമ്മാനങ്ങളും നൽകി പ്രലോഭിപ്പിച്ചായിരുന്നു പീഡനം. 2020 ഒക്ടോബറിൽ സി.ബി.ഐ (CBI) ആണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളുടെ പക്കൽ നിന്ന് ലക്ഷക്കണക്കിന് അശ്ലീല വീഡിയോകളും ചിത്രങ്ങളും പിടിച്ചെടുത്തിരുന്നു.
വധശിക്ഷയ്ക്ക് പുറമേ, ഇരകളായ 33 കുട്ടികൾക്കും 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ഉത്തർപ്രദേശ് സർക്കാരിനോട് കോടതി നിർദേശിച്ചു. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത തുകയും ഇരകൾക്ക് വീതിച്ചുനൽകാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.
“Rare of the rare” Couple sentenced to death for brutally abusing 33 children, including three-year-old children















