
കൊച്ചി : 2017-ൽ ശബരിമലയിൽ നടന്ന സ്വർണ്ണ കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണത്തിൻ്റെ ഭാഗമായി നടന്മാരായ മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി വിജിലൻസ് പ്രത്യേക സംഘം രേഖപ്പെടുത്തി. തിരുവനന്തപുരത്ത് വെച്ച് മോഹൻലാലിൻ്റെയും, കൊച്ചിയിൽ വെച്ച് ദിലീപിൻ്റെയും മൊഴിയാണ് വിജിലൻസ് സംഘം എടുത്തത്. കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി സ്വർണ്ണം നൽകിയതുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ഇവരില്‍ നിന്ന് ചോദിച്ചറിഞ്ഞത്.
സുഹൃത്തായ സുരേഷ് ഗോപി ആവശ്യപ്പെട്ടതനുസരിച്ചാണ് സ്വർണ്ണം സംഭാവന നൽകിയതെന്ന് മോഹൻലാൽ മൊഴി നൽകി. തിരുവനന്തപുരത്തെ ഒരു ജ്വല്ലറിയിൽ നിന്ന് രണ്ട് പവൻ സ്വർണ്ണം വാങ്ങി സുഹൃത്ത് മുഖേന പമ്പയിൽ എത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രമന്ത്രി സുരേഷ് ഗോപി, നടൻ സുധീർ കരമന, സംവിധായകൻ ഷാജി കൈലാസ്, തിരക്കഥാകൃത്ത് രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ തുടങ്ങിയവരും ഈ കേസിൽ മൊഴി നൽകിയിട്ടുണ്ട്.
കൊടിമര പുനഃപ്രതിഷ്ഠയ്ക്കായി ഭക്തരിൽ നിന്ന് സ്വീകരിച്ച സ്വർണ്ണത്തിൻ്റെ കണക്കുകളിൽ കൃത്യതയില്ലെന്ന ദേവസ്വം വിജിലൻസിൻ്റെ റിപ്പോർട്ടിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആകെ വേണ്ടിവന്ന 9573 ഗ്രാം സ്വർണ്ണത്തിൽ 412.01 ഗ്രാമോളം 27 ഭക്തരിൽ നിന്നുള്ള സംഭാവനയായിരുന്നുവെന്നും ഇതിൽ ഗുരുതരമായ ചട്ടലംഘനം നടന്നതായും ആരോപണമുണ്ട്.
Re-installation of the golden flagpole in Sabarimala: Vigilance records statements of Mohanlal and Dileep















