‘ശ്യാമള’ കലാപത്തിൽ കണ്ണൂർ കോട്ടയിൽ വിള്ളൽ, 60 വർഷത്തെ ബന്ധം ഉപേക്ഷിച്ച് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സിപിഎം വിട്ടു; തളിപ്പറമ്പിൽ മത്സരിക്കും, യുഡിഎഫ് പിന്തുണ സ്വീകരിക്കും

കണ്ണൂർ സിപിഎമ്മിലെ മുതിർന്ന നേതാവും മുൻ ഏരിയ സെക്രട്ടറിയുമായ ടി കെ ഗോവിന്ദൻ പാർട്ടിയിൽ നിന്ന് രാജിവെച്ചു. തളിപ്പറമ്പ് നിയമസഭാ മണ്ഡലത്തിൽ പി കെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് ആറ് പതിറ്റാണ്ടോളം നീണ്ട പാർട്ടി ബന്ധം അദ്ദേഹം ഉപേക്ഷിച്ചത്. തളിപ്പറമ്പിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ബിജെപി ഒഴികെയുള്ള യുഡിഎഫ് അടക്കമുള്ള മുന്നണികളുടെ പിന്തുണ സ്വീകരിക്കുമെന്നും വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മൂന്ന് തവണ പ്രതിനിധീകരിച്ച മണ്ഡലത്തിൽ നാലാം തവണ സ്വന്തം ഭാര്യയെത്തന്നെ സ്ഥാനാർത്ഥിയാക്കിയത് ജനാധിപത്യവിരുദ്ധമാണെന്നും ഇതിന് മുഖ്യമന്ത്രി പിണറായി വിജയൻ കൂട്ടുനിൽക്കുന്നത് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദവും ആന്തൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയും ഉന്നയിച്ചായിരുന്നു ഗോവിന്ദന്റെ വിമർശനം. സാജന്റെ മരണത്തിന് ഉത്തരവാദി പി കെ ശ്യാമളയാണെന്ന വികാരം ജനങ്ങൾക്കിടയിലുണ്ടെന്നും അഴിമതി ആരോപണങ്ങളിൽ പാർട്ടിയേക്കാൾ കുഞ്ഞികൃഷ്ണൻ പുറത്തുവിട്ട കണക്കുകളെയാണ് അണികൾ വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി പി ദിവ്യയോടും പി കെ ശ്യാമളയോടും പാർട്ടി ഇരട്ടത്താപ്പാണ് കാണിക്കുന്നത്. പി ജയരാജനെപ്പോലുള്ള ജനകീയ നേതാക്കളെ പാർട്ടി ബോധപൂർവ്വം ഒതുക്കുകയാണെന്നും കെ കെ ശൈലജയെ മട്ടന്നൂരിൽ നിന്ന് മാറ്റിയത് ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ജില്ലാ-മണ്ഡലം കമ്മിറ്റികളിൽ ഉയർന്ന കടുത്ത എതിർപ്പുകൾ അവഗണിച്ചാണ് നേതൃത്വം മുന്നോട്ട് പോയതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. തന്റെ ഭാര്യ തന്നെ സ്ഥാനാർത്ഥിയാകണമെന്ന് ഒരു നേതാവ് തീരുമാനിക്കുന്ന അവസ്ഥ പാർട്ടിയുടെ അധഃപതനമാണ് കാണിക്കുന്നത്. ഇത്തരത്തിലുള്ള അനീതികൾക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ തളിപ്പറമ്പിൽ പാർട്ടി തകരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിൽ മുതിർന്ന നേതാവ് തന്നെ വിമതനായി രംഗത്തുവരുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്.

Rebellion in Kannur CPIM: TK Govindan Quits Party to Contest as Independent Against MV Govindan’s Wife in Taliparamba

More Stories from this section

family-dental
witywide