തൊണ്ടിമുതൽ തിരിമറി കേസിൽ ആന്റണി രാജുവിന് ആശ്വാസം; കേസിൽ കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് ഹൈക്കോടതി

കൊച്ചി: മുൻ എംഎൽഎ ആന്റണി രാജു തൊണ്ടിമുതൽ തിരിമറി കേസിൽ കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ പ്രയാസമാണെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കേസിൽ സാഹചര്യ തെളിവുകൾ മാത്രമാണ് ഉള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് ഉറപ്പിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും കോടതി വിലയിരുത്തി. തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽനിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആൻ്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നത് എന്നത് വസ്തുതയാണെങ്കിലും ആ വസ്ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹം തന്നെയാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്നതാണ് കോടതി ഉന്നയിച്ച പ്രധാന ചോദ്യം.

കേസിൽ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. കേസിൽ, കൃത്രിമം നടന്നത് എന്ന്, എവിടെ വെച്ച്, ആര് നടത്തി എന്ന് കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിൽ എങ്ങനെയാണ് ആൻ്റണി രാജുവിനു മേൽ കുറ്റം ആരോപിക്കാൻ കഴിയുക എന്ന ചോദ്യമാണ് കോടതി ഉയർത്തിയത്. ഹൈക്കോടതി വിജിലൻസ് വിഭാഗം മുൻപ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി പരിശോധിച്ചു. സംഭവസമയത്ത് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടി വന്നുവെന്നും അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം ഉണ്ടായില്ലെന്നും കോടതി ചോദിച്ചു.

നിലവിൽ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ട ആൻ്റണി രാജുവിനെ സംബന്ധിച്ചിടത്തോളം കോടതിയുടെ നിരീക്ഷണങ്ങൾ ആശ്വാസകരമാണ്. ഹൈക്കോടതി ശിക്ഷ മരവിപ്പിക്കുകയാണെങ്കിൽ അദ്ദേഹത്തിന് എംഎൽഎ സ്ഥാനം തിരികെ ലഭിക്കാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുമുള്ള അയോഗ്യത മാറിക്കിട്ടുകയും ചെയ്യും. ഇതിന്റെ ഭാഗമായാണ് ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. തൊണ്ടിമുതൽ കേസിലെ ശിക്ഷയും കുറ്റക്കാരനെന്ന കണ്ടെത്തിയ ഉത്തരവും മരവിപ്പിക്കണം എന്നാണ് ആൻ്റണി രാജുവിന്റെ ആവശ്യം.

അതേസമയം, വർഷങ്ങൾക്ക് മുമ്പ് ജൂനിയർ അഭിഭാഷകനായിരുന്ന കാലത്ത് മയക്കുമരുന്ന് കേസിൽ വിദേശ പൗരനെ രക്ഷിക്കാൻ, തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന കേസിലാണ് മുൻ മന്ത്രിയും എംഎൽഎയുമായിരുന്ന ആൻ്റണി രാജുവിനെ കോടതി മൂന്നുവർഷത്തെ തടവിന് ശിക്ഷിച്ചിരുന്നത്. കേസിൽ അദ്ദേഹം രണ്ടാംപ്രതിയാണ്. കേരള ചരിത്രത്തിൽ ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട് എംഎൽഎ സ്ഥാനം നഷ്‌ടമാവുന്ന ആദ്യത്തെയാളാണ് ആൻ്റണി രാജു.

Relief for Antony Raju in the Thondimala Thirimari case; High Court says it is not possible to confirm his guilt in the case

More Stories from this section

family-dental
witywide