
കൽപ്പറ്റ: വയനാട് മുണ്ടക്കൈ – ചൂരൽമല ദുരന്തബാധിതരുടെ കടങ്ങൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഈ പ്രധാന തീരുമാനം എടുത്തത്. 18 കോടി 75 ലക്ഷത്തിലധികം രൂപയുടെ കടങ്ങളാണ് ഏറ്റെടുക്കുന്നത്. ഈ കടങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി.
കൂടാതെ, കേന്ദ്ര സർക്കാർ മനുഷ്യത്വരഹിതമായ സമീപനമാണ് സ്വീകരിച്ചതെന്നും കേന്ദ്രത്തിന്‍റെ നടപടി പകപോക്കലിന്‍റെ ഭാഗമാണെന്നും മന്ത്രി ആരോപിച്ചു. തെരഞ്ഞെടുപ്പിന് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 555 ഗുണഭോക്താക്കളുടെ 18 കോടിയിലധികം രൂപയുടെ കടങ്ങളാണ് ഏറ്റെടുക്കുന്നത്.
കേരള ബാങ്ക് ഇതിനകം എഴുതിത്തള്ളിയ 93 ലക്ഷം രൂപ സർക്കാർ ബാങ്കിന് തിരിച്ചുനൽകും. ആകെ 1620 ലോണുകളാണ് ഈ തീരുമാനത്തിന്റെ പരിധിയിൽ വരുന്നത്. ദുരന്തബാധിതരായി തിരിച്ചറിയപ്പെട്ടവരുടെ എല്ലാ കടങ്ങളും ഏറ്റെടുക്കും. ലിസ്റ്റിൽ ഉൾപ്പെടാത്ത അർഹതയുള്ളവർക്ക് പരാതി ഉണ്ടെങ്കിൽ അറിയിക്കാമെന്നും മന്ത്രി വ്യക്തമാക്കി.












