പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു

ന്യൂഡൽഹി: പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനും പശ്ചിമഘട്ട സംരക്ഷണ സമിതി (ഗാഡ്‌ഗിൽ കമ്മിറ്റി) അധ്യക്ഷനുമായിരുന്ന പ്രൊഫ. മാധവ് ഗാഡ്‌ഗിൽ അന്തരിച്ചു. 83 വയസ്സായിരുന്നു. ബുധനാഴ്ച രാത്രി പൂനെയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പൂനെയിലെ വൈകുണ്ഠ് സ്മാശാനഭൂമിയിൽ.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി അദ്ദേഹം സമർപ്പിച്ച ഗാഡ്‌ഗിൽ കമ്മിറ്റി റിപ്പോർട്ട് ഏറെ ശ്രദ്ധേയമാണ്. പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി മാധവ് ഗാഡ്ഗിൽ അധ്യക്ഷനായ പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ സമിതി 2011-ൽ സമർപ്പിച്ച ശുപാർശകളാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് എന്ന് അറിയപ്പെടുന്നത്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനായി കർശനമായ നിയന്ത്രണങ്ങളാണ് ഈ റിപ്പോർട്ട് മുന്നോട്ട് വെച്ചത്. പശ്ചിമഘട്ടത്തിന്റെ 64 ശതമാനം വരുന്ന പ്രദേശം മുഴുവനായി ‘പരിസ്ഥിതി ലോല പ്രദേശം’ (Ecologically Sensitive Area) ആയി പ്രഖ്യാപിക്കണമെന്ന് റിപ്പോർട്ട് നിർദ്ദേശിച്ചു. അതിരപ്പിള്ളി പോലുള്ള വലിയ ജലവൈദ്യുത പദ്ധതികൾക്ക് പരിസ്ഥിതി അനുമതി നൽകരുത്, ഖനനം ഘട്ടംഘട്ടമായി നിർത്തലാക്കണം, കീടനാശിനികൾക്കും പ്ലാസ്റ്റിക്കിനും നിയന്ത്രണം ഏർപ്പെടുത്തണം എന്നിവയായിരുന്നു പ്രധാന നിർദ്ദേശങ്ങൾ. പരിസ്ഥിതി സംരക്ഷണ കാര്യങ്ങളിൽ തദ്ദേശ ഭരണകൂടങ്ങൾക്കും (ഗ്രാമസഭകൾക്കും) കൂടുതൽ അധികാരം നൽകണമെന്ന് റിപ്പോർട്ട് വാദിച്ചു. റിപ്പോർട്ട് നടപ്പിലാക്കുന്നത് വികസനത്തെയും കർഷകരുടെ ജീവിതത്തെയും ബാധിക്കുമെന്ന ആശങ്കയെത്തുടർന്ന് വലിയ പ്രതിഷേധങ്ങൾ ഉയർന്നു. തുടർന്ന് ഈ റിപ്പോർട്ട് പഠിക്കാനായി കസ്തൂരിരംഗൻ കമ്മിറ്റിയെ നിയോഗിക്കുകയുണ്ടായി. എന്നാൽ, കേരളത്തിൽ അടുത്ത കാലത്തുണ്ടായ വയനാട് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ ഇന്നും സജീവമായി ചർച്ച ചെയ്യപ്പെടുന്നു

രാജ്യം അദ്ദേഹത്തെ പത്മശ്രീ (1981), പത്മഭൂഷൺ (2006) ബഹുമതികൾ നൽകി ആദരിച്ചിട്ടുണ്ട്. കൂടാതെ 2024-ൽ ഐക്യരാഷ്ട്രസഭയുടെ ‘ചാമ്പ്യൻസ് ഓഫ് ദ എർത്ത്’ പുരസ്കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Renowned environmental scientist Prof. Madhav Gadgil has passed away.

More Stories from this section

family-dental
witywide