അനശ്വര ഗാനങ്ങളുടെ ശില്പി ഫാ. ഡോ. ജെസ്റ്റിൻ പനക്കൽ അന്തരിച്ചു; വിടവാങ്ങിയത് ക്രിസ്ത്യൻ ഭക്തിഗാന രംഗത്തെ പ്രതിഭ

മലയാള ക്രിസ്തീയ ഭക്തിഗാന രംഗത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് ഈണമൊരുക്കിയ പ്രശസ്ത സംഗീത സംവിധായകൻ ഫാ. ഡോ. ജെസ്റ്റിൻ പനക്കൽ (90) അന്തരിച്ചു. കെ.എസ്. ചിത്രയുടെ സംഗീത ജീവിതത്തിൽ വലിയ വഴിത്തിരിവായ ‘പൈതലാം യേശുവേ’ എന്ന വിഖ്യാത ഗാനത്തിന്റെ ശില്പിയാണ് അദ്ദേഹം. കുമ്പളങ്ങി സ്വദേശിയായ ഇദ്ദേഹം ഒ.സി.ഡി. സന്യാസ സമൂഹാംഗമായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘകാലമായി വിശ്രമജീവിതം നയിച്ചു വരികയായിരുന്നു. മൃതദേഹം തിങ്കളാഴ്ച രാവിലെ ഏഴ് മണി മുതൽ മഞ്ഞുമ്മൽ കർമ്മലീത്ത ആശ്രമ ദേവാലയത്തിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചയ്ക്ക് മൂന്ന് മണിക്ക് നടക്കും.

മലയാളികൾ ഇന്നും ഏറ്റുപാടുന്ന ‘മഞ്ഞുപൊതിയുന്ന മാമരം കോച്ചുന്ന’, ‘സ്നേഹസ്വരൂപാ തവദർശനം’, ‘ദൈവം നിരുപമസ്നേഹം’, ‘എൻ ജീവിതമാം ഈ മരക്കൊമ്പിൽ’ തുടങ്ങി ഒട്ടനവധി അനശ്വര ഗാനങ്ങൾ പനക്കലച്ചന്റെ സംഗീതത്തിൽ പിറന്നവയാണ്. തരംഗിണിയുടെ സ്നേഹസന്ദേശം, തളിർമാല്യം എന്നീ സൂപ്പർഹിറ്റ് ആൽബങ്ങളിലും അദ്ദേഹത്തിന്റെ ഗാനങ്ങൾ ഉൾപ്പെട്ടിരുന്നു. അദ്ദേഹം ഈണമൊരുക്കിയ 29 പാട്ടുകളിൽ 25 എണ്ണവും ആലപിച്ചത് ഗാനഗന്ധർവ്വൻ കെ.ജെ. യേശുദാസ് ആയിരുന്നു എന്നത് അദ്ദേഹത്തിന്റെ സംഗീത മികവിന്റെ അടയാളമാണ്. ഫാ. ജെസ്റ്റിൻ പനക്കലിന്റെ വിയോഗം സംഗീത ലോകത്തിന് വലിയ നഷ്ടമാണെന്ന് കെ.എസ്. ചിത്ര അനുസ്മരിച്ചു.

1952-ൽ കർമ്മലീത്ത നിഷ്പാദുക സഭയിൽ അംഗമായ അദ്ദേഹം 1962-ലാണ് തിരുപ്പട്ടം സ്വീകരിച്ചത്. റോമിൽ നിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ പ്രതിഭയായിരുന്നു അദ്ദേഹം. 1969 മുതൽ മംഗലപ്പുഴ പൊന്തിഫിക്കൽ സെമിനാരിയിൽ പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംഗീതത്തെയും ദൈവശാസ്ത്രത്തെയും ഒരുപോലെ സ്നേഹിച്ച പനക്കലച്ചൻ, ലളിതവും എന്നാൽ ഹൃദയസ്പർശിയുമായ ഈണങ്ങളിലൂടെയാണ് വിശ്വാസികളുടെയും സംഗീതപ്രേമികളുടെയും മനസ്സിൽ ഇടംപിടിച്ചത്. കുമ്പളങ്ങിയിലെ പനക്കൽ ജോബിന്റെ മകനാണ് ഇദ്ദേഹം.

Renowned music composer Fr. Justin Panakkal passes away; Legend behind ‘Paithalam Yeshuve’ song

More Stories from this section

family-dental
witywide