
മുഖ്യമന്ത്രി പിണറായി വിജയന്റെ അധിക്ഷേപ പരാമർശങ്ങളെ താൻ അനുഗ്രഹമായാണ് കാണുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിണറായി വിജയന്റെ കാലം കഴിഞ്ഞെന്നും കേരളത്തിലെ ജനങ്ങളെ അധിക്ഷേപിക്കരുതെന്നും പറഞ്ഞ അദ്ദേഹം ‘ബൈ ബൈ പിണറായി’, ‘പോ മോനെ വിജയാ’ എന്നീ പ്രയോഗങ്ങൾ ആവർത്തിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാത പിന്തുടരുന്ന പിണറായിക്ക് തന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിയില്ലെന്നും രേവന്ത് റെഡ്ഡി കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ പ്രായത്തെയും പദവിയെയും താൻ ബഹുമാനിക്കുന്നുണ്ടെന്ന് പറഞ്ഞ രേവന്ത് റെഡ്ഡി, എന്നാൽ അദ്ദേഹത്തിന്റെ ‘വല്യേട്ടനാണ്’ മോദിയെന്നും പരിഹസിച്ചു. വിവാദമായ ‘ഡാഷ് മോനെ’ പ്രയോഗത്തിൽ നിന്നും തലയൂരാനാണ് മുഖ്യമന്ത്രി ഇപ്പോൾ മറുപടിക്കത്തുമായി രംഗത്തെത്തിയിരിക്കുന്നത്. ഡിയർ ശ്രീ രേവന്ത് റെഡ്ഡി എന്ന് അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്തിൽ കേരളം കൈവരിച്ച വിവിധ നേട്ടങ്ങളെക്കുറിച്ച് പിണറായി വിജയൻ വിശദീകരിക്കുന്നുണ്ട്. നവകേരള സൃഷ്ടിയിലൂടെ എല്ലാവർക്കും മാതൃകയായി മുന്നോട്ട് പോകുമെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി കത്ത് അവസാനിപ്പിക്കുന്നത്.
നേരത്തെ രേവന്ത് റെഡ്ഡിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ‘ഡാഷ് മോനെ രേവന്തേ, മറുപടി വരുന്നുണ്ട്’ എന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂ എന്നായിരുന്നു മുഖ്യമന്ത്രിയുടെ അന്നത്തെ പ്രതികരണം. ഇത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിമാറിയിരുന്നു. എന്നാൽ അധിക്ഷേപങ്ങളെ താൻ ഒട്ടും ഗൗനിക്കുന്നില്ലെന്നും രാഷ്ട്രീയമായ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് താൻ പ്രതീക്ഷിക്കുന്നതെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.
Revanth Reddy Retorts to Pinarayi Vijayan’s Remarks; Repeats ‘Po Mone Vijaya’ Slogan in Kerala















