ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, രാജ്യത്തെ പ്രധാന നഗരകേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ഇറാനിൽ നിന്നും പുറത്താക്കപ്പെട്ട രാജകുമാരൻ റിസാ പഹ്‌ലവി ആഹ്വാനം ചെയ്തു. 1979-ൽ പുറത്താക്കപ്പെട്ട ഷാ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനായ അദ്ദേഹം യുഎസിൽ നിന്നാണ് വീഡിയോ സന്ദേശത്തിലൂടെ ഈ ആഹ്വാനം നടത്തിയത്. ഇനി നമ്മുടെ ലക്ഷ്യം വെറും തെരുവിലെ പ്രതിഷേധം മാത്രമല്ലെന്നും, പ്രധാന നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുക എന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്തേക്ക് മടങ്ങാൻ താൻ തയ്യാറെടുക്കുകയാണെന്നും റിസാ പഹ്‌ലവി അറിയിച്ചു. ഗതാഗതം, ഇന്ധനം, വൈദ്യുതി തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്നവർ പണിമുടക്കി പ്രക്ഷോഭത്തിന് പിന്തുണ നൽകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ഇറാനിലെ നിലവിലെ ഭരണകൂടത്തിനെതിരെ ജനങ്ങൾ നടത്തുന്ന പ്രതിഷേധത്തിന് കരുത്ത് പകരുന്നതാണ് പഹ്‌ലവിയുടെ ഈ ഇടപെടൽ. പ്രക്ഷോഭകാരികളിൽ പലരും അദ്ദേഹം തിരിച്ചുവരണമെന്ന് മുമ്പ് തന്നെ ആവശ്യപ്പെട്ടിരുന്നു.
അതേസമയം, പ്രക്ഷോഭം അടിച്ചമർത്താൻ ഇറാൻ സർക്കാർ കർശന നടപടികളാണ് സ്വീകരിക്കുന്നത്. രാജ്യത്ത് ഇന്റർനെറ്റ് നിരോധിക്കുകയും വിദേശത്തുനിന്നുള്ള ഫോൺ വിളികൾ തടയുകയും ചെയ്തിട്ടുണ്ട്. പ്രതിഷേധങ്ങൾക്കിടെ ഇതുവരെ 62 പേർ കൊല്ലപ്പെട്ടതായും രണ്ടായിരത്തിലധികം പേർ അറസ്റ്റിലായതായും റിപ്പോർട്ടുകളുണ്ട്. ഇറാനിലെ സംഘർഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് യുഎസ് മേഖലയിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇറാനിലെ കലുഷിത സാഹചര്യത്തിൽ അമേരിക്ക നേരിട്ട് ഇടപെടുമോ എന്നത് കണ്ടറിയണം.










