
ടെഹ്റാൻ: പ്രക്ഷോഭങ്ങളിൽ നീറി പുകയുന്ന ഇറാനിൽ ട്രംപ് ഇടപെടണമെന്ന് റിസ പഹ്ലവി. 1979-ലെ ഇസ്‌ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട ഇറാനിലെ ഷാ രാജവംശത്തിലെ നിലവിലെ കിരീടാവകാശിയാണ് റിസ പഹ്ലവി. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ ജനങ്ങളെ ലോകത്തുനിന്നുതന്നെ വേർപെടുത്തുന്ന നയമാണ് ഇറാൻഭരണകൂടം സ്വീകരിക്കുന്നതെന്നും രാജ്യത്ത് ഇന്റർനെറ്റും ആശയവിനിമയവും പുനഃസ്ഥാപിക്കാൻ യൂറോപ്യൻ രാജ്യങ്ങളും യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും ഇടപെടണമെന്നും റിസ പഹ്ലവി ആവശ്യപ്പെട്ടു.
പ്രതിഷേധപ്രകടനങ്ങൾക്ക് റിസ പഹ്ലവി ആഹ്വാനം ചെയ്തതോടെ ഇറാനിലെ പ്രക്ഷോഭം വീണ്ടും ആളിക്കത്തുകയാണ്. ഇസ്ലാമിക വിപ്ലവകാലത്ത് നാടുകടത്തപ്പെട്ട പഹ്ലവി നിലവിൽ യുഎസിലാണ്. എന്നാൽ തത്കാലത്തേക്ക് പഹ്‌ലവിയുമായി ചർച്ചയ്ക്കില്ലെന്നും ഇറാനിൽ പ്രശ്നം ഗുരുതരമാണെന്നും ഫോക്സ് ന്യൂസിൽ വ്യാഴാഴ്‌ച സംപ്രേഷണം ചെയ്ത അഭിമുഖത്തിൽ യുഎസ് പ്രസിഡന്റ് ട്രംപ് വ്യക്തമാക്കിയിരുന്നു. ഇറാനിലെ പരമാധികാരി അയത്തൊള്ള അലി ഖമേനി രാജ്യം വിടാൻ ആഗ്രഹിക്കുന്നുണ്ടെന്നും ട്രംപ് അഭിപ്രായപ്പെട്ടിരുന്നു.
യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കുപ്രകാരം ഇറാനിൽ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം വെള്ളിയാഴ്ച 62 ആയി. കഴിഞ്ഞ ദിവസങ്ങളിൽ ‘ഏകാധിപതിക്ക് മരണം’, ‘ഇസ്ലാമിക് റിപ്പബ്ലിക് മരിക്കട്ടെ’ എന്നാക്രോശിച്ച് ജനങ്ങളിലൊരുവിഭാഗം രാജ്യവ്യാപകമായി തെരുവിലിറങ്ങി. വ്യാഴ്ച രാത്രി എട്ടോടെ പ്രതിഷേധപ്രകടനങ്ങൾ ആരംഭിച്ചതിനുപിന്നാലെ രാജ്യത്ത് ഇന്റർനെറ്റ് സേവനങ്ങളും അന്താരാഷ്ട്ര ഫോൺവിളികളും നിരോധിച്ചിട്ടുണ്ട് ശക്തമായി അടിച്ചമർത്തുന്നതിനുള്ള മുന്നൊരുക്കമായാണ് ലോകവുമായുള്ള ആശയവിനിമയ മാർഗങ്ങളെല്ലാം എല്ലാം വിച്ഛേദിച്ചതെന്നാണ് വിലയിരുത്തൽ.
പ്രതിഷേധങ്ങൾക്കുമുന്നിൽ പിന്മാറാൻ തയ്യാറല്ലെന്ന് ഇറാനിലെ പരമാധികാരി അയത്തൊള്ള അലി ഖമേനി പ്രഖ്യാപിച്ചിട്ടുണ്ട്.പണപ്പെരുപ്പത്തിലും വർധിച്ചുവരുന്ന ജീവിതച്ചെലവിലും പ്രതിഷേധിച്ച് ഡിസംബർ 28-ന് രാജ്യതലസ്ഥാനമായ ടെഹ്റാനിൽ ആരംഭിച്ച പ്രതിഷേധത്തിൽ ഇതുവരെ 2,300 പേരെങ്കിലും അറസ്റ്റിലായിട്ടുണ്ടെന്നാൺണ് യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്ക്.
Riza Pahlavi, the crown prince of the Shah dynasty, wants Trump to intervene in Iran, which is fuming in the uprising














