അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ദീർഘകാലമായി കാത്തിരിക്കുന്ന ചന്ദ്രദൗത്യം വീണ്ടും വൈകി. മാർച്ച് ആറിന് നടത്താനിരുന്ന വിക്ഷേപണം ഇനി പരിഗണനയിൽ ഇല്ലെന്ന് നാസ അറിയിച്ചു. പതിവ് പരിശോധനകളിൽ അവസാന നിമിഷം കണ്ടെത്തിയ ചില സാങ്കേതിക പ്രശ്നങ്ങളാണ് വിക്ഷേപണം തടസപ്പെടുത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. വെള്ളിയാഴ്ച വരെ, 50 വർഷത്തിന് ശേഷം ആദ്യമായി മനുഷ്യരെ ചന്ദ്രനിലേക്ക് അയയ്ക്കുന്ന Artemis II ദൗത്യത്തിന് ഏതാനും ആഴ്ചകൾക്കുള്ളിൽ അനുമതി ലഭിക്കാമെന്ന് നാസ വ്യക്തമാക്കിയിരുന്നു.
എന്നാൽ പുതിയ തിരിച്ചടികൾ കാരണം കൂടുതൽ അറ്റകുറ്റപ്പണികൾ ആവശ്യമായി വരുമെന്ന് ആണ് ശനിയാഴ്ച നാസ അഡ്മിനിസ്ട്രേറ്റർ ജാരഡ് ഐസക്‌മാൻ അറിയിച്ചത്. 10 ദിവസത്തെ യാത്രയ്ക്കായി ചന്ദ്രനിലേക്കും തിരിച്ചും നാല് ബഹിരാകാശ യാത്രികരെ അയയ്ക്കാനാണ് പദ്ധതി. മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും ദൂരെയുള്ള ബഹിരാകാശ യാത്രയായിരിക്കും ഇത്. വ്യാഴാഴ്ച ഏകദേശം 50 മണിക്കൂർ നീണ്ട പരിശോധനകളിൽ പ്രശ്നങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ‘വെറ്റ് റിഹേഴ്സൽ’ വിജയകരമാണെന്ന് നാസ വിലയിരുത്തുകയും മാർച്ച് 6-ന് തന്നെ വിക്ഷേപണം നടത്താമെന്ന് സൂചന നൽകുകയും ചെയ്തിരുന്നു.
എന്നാൽ വെള്ളിയാഴ്ച രാത്രി റോക്കറ്റ് വിക്ഷേപണത്തിനാവശ്യമായ ഹീലിയം വാതകത്തിന്റെ പ്രവാഹത്തിൽ തടസം കണ്ടെത്തി. ഇന്ധന ടാങ്കുകൾക്ക് സമ്മർദ്ദം നൽകാനും റോക്കറ്റ് സംവിധാനങ്ങളെ തണുപ്പിക്കാനുമാണ് ഹീലിയം ഉപയോഗിക്കുന്നത്. ഇതിലെ തടസം ഗുരുതര സാങ്കേതിക പ്രശ്നമായി കണക്കാക്കപ്പെടുന്നു. ഫ്ലോറിഡയിലെ കെനഡി സ്പേസ് സെന്ററിൽ നടന്ന പരിശീലന പരീക്ഷണത്തിന്റെ രണ്ടാമത്തെ ശ്രമമായിരുന്നു ഇത്. മുമ്പ് ഹൈഡ്രജൻ ചോർച്ചയ്ക്ക് കാരണമായ ഫിൽട്ടറുകളും സീലുകളും പരിഹരിച്ചതിന് ശേഷമാണ് വീണ്ടും പരീക്ഷണം നടത്തിയത്.
വ്യാഴാഴ്ച മണിക്കൂറുകൾക്കിടെ ഏകദേശം 7,30,000 ഗാലൺ ഇന്ധനം നിറച്ചിരുന്നു. “പറക്കാനുള്ള അവകാശം നേടുന്നതിനുള്ള വലിയ ഒരു ചുവടുവെയ്പ്പ്” എന്നാണ് സംഘത്തിന്റെ വിലയിരുത്തൽ. എന്നാൽ ബഹിരാകാശ ദൗത്യങ്ങളിൽ ഇത്തരം തടസ്സങ്ങൾ സാധാരണമാണെന്ന് ഐസക്‌മാൻ പറഞ്ഞു. 1966-ൽ നീൽ ആംസ്‌ട്രോങ്ങിന്റെ ജെമിനി 8 ദൗത്യം സാങ്കേതിക പ്രശ്നത്തെ തുടർന്ന് നേരത്തേ അവസാനിപ്പിക്കേണ്ടി വന്നതും, പിന്നീട് മൂന്ന് വർഷങ്ങൾക്ക് ശേഷം അദ്ദേഹം ചന്ദ്രനിൽ ഇറങ്ങിയതും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
അമേരിക്കൻ ബഹിരാകാശ യാത്രികരായ റീഡ് വൈസ്‌മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, കാനഡയിൽ നിന്നുള്ള ജെറമി ഹാൻസൻ എന്നിവരാണ് മെഗാ മൂൺ റോക്കറ്റിൽ യാത്രതിരിക്കാൻ തയ്യാറെടുക്കുന്നത്. ഇവർക്കു ചന്ദ്രന്റെ ഉപരിതലം അടുത്തുനിന്ന് പഠിക്കാനുള്ള അവസരമുണ്ടാകും. ഈ ദൗത്യം വിജയകരമായാൽ 1972 ന് ശേഷം ആദ്യമായി മനുഷ്യരെ ചന്ദ്രനിൽ ഇറക്കാൻ ലക്ഷ്യമിടുന്ന Artemis III ദൗത്യത്തിന് വഴിയൊരുങ്ങും. 2028 ഓടെ ലാൻഡിംഗ് നടത്താനാണ് നാസയുടെ ലക്ഷ്യം. എന്നാൽ അത് വലിയ ലക്ഷ്യമാണെന്നും ഏജൻസി വ്യക്തമാക്കി.
Rocket technical glitch; NASA’s moon mission postponed again










