അഭ്യൂഹങ്ങൾക്ക് വിരാമം; ഇറാന്റെ പരമോന്നത നേതാവിനെക്കുറിച്ച് നിർണായക വിവരവുമായി റഷ്യ, മുജ്‌തബ ഇറാനിൽ തന്നെ

ടെഹ്റാൻ: ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്‌തബ ഖമേനിയുടെ ആസാന്നിധ്യത്തെക്കുറിച്ചുള്ള നിഗൂഡതകൾക്കും അഭ്യൂഹങ്ങൾക്കും വിരാമം. മുജ്‌തബയുടെ ഏറ്റവും പുതിയ വിവരങ്ങളുമായി ഇറാനിലെ റഷ്യൻ അംബാസഡർ അലക്സ‌ി ദെദോവ് രംഗത്തെത്തി. റഷ്യൻ മാധ്യമമായ RTVI-യോട് സംസാരിക്കവെയാണ് ദെദോവ്, മുജ്തബ ഇപ്പോഴുള്ള സ്ഥലത്തെക്കുറിച്ച് സുപ്രധാന വിവരം പങ്കുവെച്ചത്. പരമോന്നത നേതാവ് ഇറാനിലുണ്ടെന്നും, നമുക്കെല്ലാം മനസിലാക്കാവുന്ന ചില പ്രത്യേക കാരണങ്ങളാൽ അദ്ദേഹം തൽക്കാലം പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയാണെന്നും അലക്സ‌ി ദെദോവ് വ്യക്തമാക്കി.

മുജ്തബ ഇറാനിൽ തന്നെയാണ് ഉള്ളതെന്നും ചികിത്സയ്ക്കായി അദ്ദേഹം വിദേശത്തേക്ക് പോയിട്ടില്ലെന്നും ദെദോവ് പറഞ്ഞു. പുതിയ നേതാവ് രാജ്യത്തുതന്നെ ഉണ്ടെന്നും, സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം പൊതുപരിപാടികൾ ഒഴിവാക്കുന്നതെന്നും ഇറാനിയൻ നേതൃത്വം ആവർത്തിച്ച് പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുജ്‌തബയുടേതെന്ന പേരിൽ വിവിധ പ്രസ്‌താവനകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും അദ്ദേഹം ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്നതാണ് കിംവദന്തികൾക്ക് ആക്കം കൂട്ടുന്നത്. ഇതിനിടെയാണ് മുജ്‌തബയെക്കുറിച്ചുള്ള നിർണായക വിവരങ്ങളുമായി റഷ്യൻ പ്രതിനിധി രംഗത്തെത്തിയിരിക്കുന്നത്.

ഇറാന്റെ മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ മകനാണ് അയത്തുള്ള മുജ്‌തബ ഖമേനി. ഫെബ്രുവരി 28-ന് യുഎസ്-ഇസ്രയേൽ സഖ്യം ഇറാനിൽ നടത്തിയ വ്യോമാക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടതോടെയാണ് മകൻ മുജ്തബ പുതിയ നേതാവായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ, അദ്ദേഹത്തിൻ്റെ നിലവിലെ അവസ്ഥ ഇപ്പോഴും അവ്യക്തമാണ്. പിൻഗാമിയായി പ്രഖ്യാപിക്കപ്പെട്ടതിന് ശേഷം അദ്ദേഹം ഒരിക്കൽ പോലും പൊതുവേദികളിൽ വന്നിട്ടില്ല.

മുജ്തബയുടേത് എന്ന പേരിൽ മാർച്ച് 12-ലെ പ്രസ്താവനയും മാർച്ച് 20-ലെ നൗറൂസ് സന്ദേശവും ഔദ്യോഗിക മാധ്യമങ്ങളിലൂടെയാണ് പുറത്തുവിട്ടത്. ഇത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെയും അദ്ദേഹം എവിടെയാണ് ഉള്ളത് എന്നതിനെക്കുറിച്ചും കൂടുതൽ സംശയങ്ങൾക്ക് ഇടവെച്ചു. യുദ്ധത്തിനിടെ അദ്ദേഹത്തിന് പരിക്കേറ്റതായാണ് യുഎസ് അവകാശപ്പെടുന്നത്. കഴിഞ്ഞ ആഴ്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ പുതിയ പരമോന്നത നേതാവ് ജീവിച്ചിരിപ്പുണ്ടോ എന്ന് പരസ്യമായി സംശയം പ്രകടിപ്പിച്ചിരുന്നു.

Rumors are over; Russia has crucial information about Iran’s Supreme Leader, Mujtaba is in Iran

More Stories from this section

family-dental
witywide