പാലക്കാട് ജില്ലയിലെ സി.പി.എമ്മിലെ അംസംതൃപ്തരുടെ കൂട്ടായ്മയ്ക്ക് ശ്രമം നടക്കുന്നതിനൊപ്പം ഇടഞ്ഞുനിൽക്കുന്നവരെയും അനുനയിപ്പിക്കാൻ സിപിഎമ്മിൽ വമ്പൻ നീക്കങ്ങൾ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപായി യുഡിഎഫ് വിവിധ നീക്കങ്ങൾ നടത്തുന്നതിനിടെയാണ് സിപിഎമ്മിൻ്റെയും ശ്രമം. ജില്ലാ സെക്രട്ടേറിയറ്റംഗമെന്ന നിലയിൽ നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട കെ.ടി.ഡി.സി. ചെയർമാൻ പി.കെ. ശശിയും മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷും ഉൾപ്പെടെയുള്ളവരെ അസംതൃപ്‌തരുടെ കൂട്ടായ്‌മയുമായി സഹകരിപ്പിക്കാനാണ് നീക്കം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പി.കെ ശശി യു.ഡി.എഫുമായി സഹകരിക്കുമെന്ന അഭ്യൂഹം കോൺഗ്രസുകാർക്കുപുറമേ ഒരുവിഭാഗം സി.പി.എമ്മുകാരും പങ്കുവെക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ പ്രതികരിക്കാൻ ശശി തയാറായിട്ടില്ല. അതേസമയം, പാർട്ടി അംഗങ്ങളിൽ ഒരാൾപോലും പുറത്തുപോവരുതെന്നാണ് നിലപാടെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു ബുധനാഴ്ച പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. അനുനയ നീക്കങ്ങളുടെ ഭാഗമായാണ് ഇതിനെ കാണുന്നതെന്നാണ് റിപ്പോർട്ടുകൾ.
ജില്ലയിൽ നടന്ന ചടങ്ങിൽ ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കൊഴിഞ്ഞാമ്പാറ, വടക്കഞ്ചേരി, കിഴക്കഞ്ചേരി, മണ്ണാർക്കാട് നഗരസഭ, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ, ഒറ്റപ്പാലം, മേഖലകളിൽ ജില്ലാനേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി പ്രവർത്തകർ രംഗത്തുവന്നിരുന്നു. കൊഴിഞ്ഞാമ്പാറയിൽ സി.പി.എം. വിമതർ രൂപം നൽകിയ ഇന്ത്യാമുന്നണിയും യു.ഡി.എഫും ഒരുമിച്ച് വടക്കഞ്ചേരി, കിഴക്കഞ്ചേരി മേഖലയിൽ വോയ്‌സ് ഓഫ് വടക്കഞ്ചേരി എന്ന പേരിലും മണ്ണാർക്കാട് നഗരസഭയിൽ പത്ത് വാർഡിലും പരിസരത്തെ മൂന്ന് പഞ്ചായത്തിലും മത്സരിച്ചിരുന്നു.
കാഞ്ഞിരപ്പുഴയിൽ യു.ഡി.എഫ്. പിന്തുണയോടെ സ്വതന്ത്രരായി മത്സരിച്ചു. കോട്ടോപ്പാടത്തും കാഞ്ഞിരപ്പുഴയിലും ഓരോ അംഗം വിജയിക്കുകയും ചെയ്തു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ പേഴ്സണൽ അസിസ്റ്റന്റായിരുന്ന എ. സുരേഷ് തനിക്ക് എന്താണ് അയോഗ്യതയെന്നു ചോദിച്ച് പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിക്ക് തുറന്ന കത്തയക്കുകയും ചെയ്തിരുന്നു.












