റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ യുക്രെയ്ൻ സേന ഉപയോഗിക്കുന്ന യുഎസ് നിർമിത എഫ്-16 യുദ്ധവിമാനം തകർത്തതായി റഷ്യ അവകാശപ്പെട്ടു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. രണ്ടാമത്തെ മിസൈൽ പ്രയോഗത്തിലാണ് വിമാനം പൂർണ്ണമായും തകർന്നതെന്നും വിമാനം നിലംപതിച്ചതായും റഷ്യൻ വൃത്തങ്ങൾ വ്യക്തമാക്കി.
യുക്രെയ്ൻ വ്യോമസേനയ്ക്ക് അമേരിക്ക നൽകിയ ഏറ്റവും മാരകമായ ആയുധങ്ങളിലൊന്നാണ് എഫ്-16 വിമാനങ്ങൾ. ഇവ തകർക്കുന്നത് യുദ്ധമുഖത്ത് റഷ്യയ്ക്ക് വലിയ മേൽക്കൈ നൽകുന്ന കാര്യമാണ്. റഷ്യൻ വിമാനങ്ങൾ തടയാനും പ്രത്യാക്രമണം നടത്താനും യുക്രെയ്ൻ പ്രധാനമായും ആശ്രയിച്ചിരുന്നത് ഈ വിമാനങ്ങളെയായിരുന്നു.
അതേസമയം, വിമാനം തകർന്നതുമായി ബന്ധപ്പെട്ട് യുക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. യുഎസ് നിർമിത ആയുധങ്ങൾ ഉപയോഗിച്ച് റഷ്യയെ നേരിടാൻ യുക്രെയ്ൻ ശ്രമിക്കുമ്പോഴാണ് ഇത്തരമൊരു വാർത്ത പുറത്തുവരുന്നത്. യുദ്ധം നിലവിൽ അതിരൂക്ഷമായി തുടരുകയാണ്. ഇരുവിഭാഗവും കനത്ത നാശനഷ്ടങ്ങൾ നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.













