
ഇറാനെതിരെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുഴക്കിയ ‘ചൊവ്വാഴ്ച’ അന്ത്യശാസനത്തെ ശക്തമായി എതിർത്ത് റഷ്യ രംഗത്തെത്തി. ഒരു യുദ്ധം അവസാനിപ്പിക്കാനായി ആരും ഭീഷണികളും അന്ത്യശാസനങ്ങളും മുഴക്കേണ്ടതില്ലെന്നും സമാധാനം ഇപ്പോഴും സാധ്യമാണെന്നും റഷ്യൻ ഭരണകൂടം വ്യക്തമാക്കി. ചർച്ചകൾക്കായി കൂടുതൽ സമയം അനുവദിക്കണമെന്നും യുഎൻ സുരക്ഷാ കൗൺസിൽ വിഷയത്തിൽ ഇടപെട്ട് കൃത്യമായ നിലപാട് സ്വീകരിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. ചൊവ്വാഴ്ചയ്ക്കുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഒരു നാഗരികതയെ മുഴുവൻ ഇല്ലാതാക്കുമെന്ന ട്രംപിന്റെ കൊലവിളിയോടാണ് റഷ്യ ഇത്തരത്തിൽ പ്രതികരിച്ചത്.
നേരത്തെ, ട്രംപിന്റെ ഭീഷണിയെ പുച്ഛിച്ചുതള്ളിക്കൊണ്ട് ഇറാനും രംഗത്തെത്തിയിരുന്നു. ചരിത്രത്തിൽ അലക്സാണ്ടർ ചക്രവർത്തിക്കും മംഗോളിയൻ പടയ്ക്കും പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നും, കാലത്തിന് സാധിക്കാത്തത് ഒരു ‘മനോരോഗിക്ക്’ കഴിയില്ലെന്നുമാണ് തുർക്കിയിലെ ഇറാൻ എംബസി തിരിച്ചടിച്ചത്. കീഴടങ്ങുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥകൾക്കും തങ്ങൾ വഴങ്ങില്ലെന്ന് വ്യക്തമാക്കിയ ഇറാൻ, അമേരിക്ക വിട്ടുവീഴ്ചകൾക്ക് തയ്യാറാണെങ്കിൽ സമാധാനത്തിന് തങ്ങളും ഒരുക്കമാണെന്ന സൂചന നൽകിയിട്ടുണ്ട്.
എന്നാൽ സ്ഥിതിഗതികൾ കൂടുതൽ വഷളായാൽ ഹോർമൂസ് കടലിടുക്കിന് പുറമെ ബാബ് അൽ മന്ദബ് കൂടി അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇതോടെ ആഗോള എണ്ണ വിപണിയും ചരക്കുനീക്കവും പൂർണ്ണമായും സ്തംഭിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്. പശ്ചിമേഷ്യയിൽ യുദ്ധം കൂടുതൽ രൂക്ഷമാകാനുള്ള സാധ്യതകൾ നിലനിൽക്കെ, റഷ്യയുടെ ഇടപെടൽ സമാധാന നീക്കങ്ങൾക്ക് പുതിയൊരു പ്രതീക്ഷ നൽകുന്നുണ്ട്. എങ്കിലും ട്രംപിന്റെ സമയപരിധി അവസാനിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ലോകം അതീവ ജാഗ്രതയിലാണ്.
Russia slams Trump’s Tuesday deadline for Iran; urges UN intervention for peace














