യുഎഇയിലെ റഷ്യ-അമേരിക്ക-യുക്രൈൻ സമാധാന ചർച്ചയിൽ നിർണ്ണായക പുരോഗതി, ഡോൺബാസ് മേഖലയിൽ ധാരണയ്ക്ക് നീക്കമെന്ന് സൂചന

അമേരിക്കയുടെ മധ്യസ്ഥതയിൽ അബുദാബിയിൽ നടന്നുവരുന്ന റഷ്യ-യുക്രൈൻ സമാധാന ചർച്ചകളിൽ യുദ്ധം അവസാനിപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ സജീവമാകുന്നു. യുഎസ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്കോഫ്, ജാരെഡ് കുഷ്നർ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ, യുദ്ധത്തിന്റെ ഗതി മാറ്റാവുന്ന പ്രായോഗിക നടപടികളിലേക്ക് കടക്കാൻ ധാരണയായി. കഴിഞ്ഞ നാലു വർഷമായി തുടരുന്ന രക്തരൂക്ഷിതമായ പോരാട്ടം അവസാനിപ്പിക്കാൻ സന്നദ്ധമാണെന്ന സൂചനകൾ ഇരുരാജ്യങ്ങളും നൽകിയതായാണ് വിവരം. സൈനിക പിന്മാറ്റം ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ അമേരിക്കയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ നടപ്പിലാക്കാനാണ് ആലോചിക്കുന്നത്. അടുത്ത ആഴ്ചയും ചർച്ചകൾ തുടരാൻ തീരുമാനിച്ചതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതീക്ഷയാണ് ഉയരുന്നത്.

ചർച്ചകളിൽ പ്രധാന തർക്കവിഷയമായി നിന്നിരുന്ന ഡോൺബാസ് മേഖലയുടെ നിയന്ത്രണ കാര്യത്തിൽ ഒത്തുതീർപ്പിനുള്ള സാധ്യതകൾ തെളിയുന്നുണ്ട്. ലുഹാൻസ്ക്, ഡൊണെസ്ക് നഗരങ്ങൾ ഉൾപ്പെടുന്ന ഈ തന്ത്രപ്രധാന പ്രദേശം വിട്ടുനൽകണമെന്ന റഷ്യയുടെ കടുത്ത നിലപാടിൽ ഉപാധികളോടെയുള്ള വിട്ടുവീഴ്ചകൾക്ക് യുക്രൈൻ തയ്യാറായേക്കുമെന്നാണ് റിപ്പോർട്ടുകൾ. പകരമായി യുക്രൈന്റെ സുരക്ഷ ഉറപ്പാക്കുന്ന ശക്തമായ ഗ്യാരണ്ടികൾ അമേരിക്ക നൽകും. റഷ്യൻ ഭാഷ സംസാരിക്കുന്നവർ കൂടുതലുള്ളതും വ്യാവസായിക പ്രാധാന്യമുള്ളതുമായ ഡോൺബാസ് മേഖലയുടെ നിയന്ത്രണം കൈമാറുന്നത് സംബന്ധിച്ച അന്തിമ ധാരണകൾ ഇനിയും നീളുന്ന ചർച്ചകളിൽ വ്യക്തമാകും.

യുഎഇ ചർച്ചകൾക്ക് മുന്നോടിയായി യുഎസ് പ്രതിനിധികൾ റഷ്യൻ പ്രസിഡന്റ് പുടിനെയും യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും കണ്ടത് തീരുമാനങ്ങളുടെ പ്രഖ്യാപനത്തിലേക്ക് ചർച്ചകൾ എത്തിയതിന്റെ സൂചനയായി കരുതപ്പെടുന്നു. യുക്രൈനിൽ അതിശൈത്യത്തിനിടയിൽ വൈദ്യുതി നിലയങ്ങൾ തകർന്ന് ഹീറ്ററുകൾ പോലും പ്രവർത്തിപ്പിക്കാനാകാത്ത ഗുരുതരമായ ഊർജ്ജ പ്രതിസന്ധി നിലനിൽക്കുന്നതും സമാധാന നീക്കങ്ങൾക്ക് വേഗത കൂട്ടിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അതിർത്തി നിർണ്ണയം, സൈനികമായ പരസ്പര ധാരണകൾ എന്നിവയിൽ തീർപ്പുണ്ടായാൽ വർഷങ്ങൾ നീണ്ട യുദ്ധത്തിന് വിരാമമായേക്കും.

Also Read

More Stories from this section

family-dental
witywide