ശബരിമല നെയ്യ് വിൽപ്പനയിൽ 13 ലക്ഷത്തിന്റെ തിരിമറി, ഞെട്ടൽ വ്യക്തമാക്കി ഹൈക്കോടതി; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു

ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന വൻ സാമ്പത്തിക ക്രമക്കേടിൽ ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടു. 13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള 13.6 ലക്ഷത്തോളം രൂപ ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ എത്തിയില്ലെന്ന കണ്ടെത്തൽ കോടതിയെ ഞെട്ടിച്ചു. സത്യസന്ധരായ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്നും റിപ്പോർട്ട് കോടതിയിൽ നേരിട്ട് സമർപ്പിക്കണമെന്നും വിജിലൻസ് മേധാവിക്ക് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, ജി. ഗിരീഷ് എന്നിവരടങ്ങുന്ന ബെഞ്ച് നിർദ്ദേശം നൽകി.

നെയ്യഭിഷേകം നടത്താൻ കഴിയാത്ത തീർത്ഥാടകർക്കായി 100 രൂപ നിരക്കിൽ വിൽക്കുന്ന 100 മില്ലി ലിറ്റർ നെയ്യ് പാക്കറ്റുകളിലാണ് തിരിമറി നടന്നത്. ടെമ്പിൾ സ്പെഷ്യൽ ഓഫീസർ നൽകുന്ന പാക്കറ്റുകളുടെ എണ്ണവും വിറ്റുകിട്ടിയ തുകയും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് ദേവസ്വം വിജിലൻസ് നടത്തിയ പ്രാഥമിക പരിശോധനയിൽ വ്യക്തമായിരുന്നു. സംഭവത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥൻ സുനിൽകുമാർ പോറ്റിയെ സസ്പെൻഡ് ചെയ്തതായി ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വരും ദിവസങ്ങളിൽ കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

തീർത്ഥാടന കേന്ദ്രത്തിലെ ഇത്തരം കൊള്ളകൾ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് കോടതി കർശന നിലപാടെടുത്തു. ഭക്തർ സമർപ്പിക്കുന്ന പണം ബോർഡ് അക്കൗണ്ടിലേക്ക് എത്താതിരുന്നത് അതീവ ഗൗരവകരമാണെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ നിശ്ചിത സമയം അനുവദിച്ച കോടതി, കുറ്റക്കാർക്കെതിരെ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്ന് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide