തിരുവനന്തപുരം: ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം. വിഎസ്എസ്‌സി തയാറാക്കിയ റിപ്പോർട്ടിലാണ് സ്ഥിരീകരണം. എസ്ഐടി നിഗമനങ്ങൾ സഹിതം റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. എഡിജിപി എച്ച് വെങ്കിടേഷ് ആണ് റിപ്പോർട്ട് കോടതിക്ക് നൽകുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തിയിട്ടുണ്ട്. 1998ൽ സ്വർണം പൊതിഞ്ഞ മറ്റ് പാളികളുമായി താരതമ്യ പരിശോധന നടത്തിയപ്പോഴാണ് വ്യത്യാസം കണ്ടെത്തിയത്. നിശ്ചിത അളവ് സ്വർണ കഷണം വെട്ടിയെടുത്തായിരുന്നു പരിശോധന നടത്തിയത്.
ദ്വാരപാലക ശിൽപ്പം, കട്ടിളപാളി തുടങ്ങിയ 15 സാമ്പിളുകളുടെ പരിശോധനഫലമാണിത്. ചെമ്പു പാളികളിലെ സ്വർണ്ണത്തിന്റെ അളവും കാലപ്പഴക്കവും തിട്ടപ്പെടുത്തുന്ന റിപ്പോർട്ട് ആണിത്. കഴിഞ്ഞ ദിവസമാണ് വിഎസ്എസ്‌സിയിൽ നിന്നും ശാസ്ത്രീയ പരിശോധനാഫലം സീൽ വെച്ച കവറിൽ കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയത്. ശേഷം ഇന്നലെയാണ് കൊല്ലം എസ്ഐടിക്ക് വിജിലൻസ് കോടതി വിഎസ്എസ്‌സി റിപ്പോർട്ട് കൈമാറിയത്.
Sabarimala gold heist; After confirming the results of the scientific test, the SIT will submit its report to the High Court tomorrow













