ശബരിമല സ്വർണക്കൊള്ള; തെളിവുകൾ പുറത്തുവരുന്തോറും കോൺഗ്രസിലെ പലരും കുടുങ്ങുമെന്ന് ബിനോയ് വിശ്വം

ആലപ്പുഴ: ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൺവീനർ അടൂർപ്രകാശിനെ പ്രത്യേക അന്വേഷണ സംഘം നിരീക്ഷണത്തിലാക്കിയതോടെ കേസിൽ കോൺഗ്രസിലെ പലരും കുടുങ്ങുമെന്നുറപ്പായതായും അതിന്റെ തെളിവുകളാണു പുറത്തുവരുന്നതെന്നും സി.പി.ഐ. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എൽ.ഡി.എഫ്. വികസന മുന്നേറ്റജാഥയ്ക്ക് ജില്ലയിലെ ആലപ്പുഴ, മങ്കൊമ്പ്, ചേർത്തല, മാക്കേക്കടവ് എന്നിവിടങ്ങളിലെ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു ജാഥാക്യാപ്റ്റനായ ബിനോയ് വിശ്വം.

ശബരിമലയിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കെ.സി. വേണുഗോപാൽ ദേവസ്വം മന്ത്രിയായിരുന്ന സമയത്താണ് കേറ്റിയത്. കോൺഗ്രസ് കൂട്ടരാണ് ഇതിനു കൂട്ടുനിന്നത്. ശബരിമലയിലെ സ്വർണം അപഹരിച്ചവർ എത്ര ഉന്നതരായാലും ശിക്ഷ ഉറപ്പാക്കാൻ എൽ.ഡി.എഫ് ആർജവം കാണിക്കുമെന്നും ഇതു പറയാൻ കോൺഗ്രസിനു കഴിയില്ലെന്നും അവിടെയാണ് എൽ.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള വ്യത്യാസമെന്നും ബിനോയ് വിശ്വം പറഞ്ഞു.

രാജ്യത്ത്, കേരളം അറബിക്കടലിലേക്കെറിഞ്ഞ അമേരിക്കൻ മോഡൽ വീണ്ടും നടപ്പാക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയെ ട്രംപിന് പണയപ്പെടുത്തുകയാണ്. ആരും അറിയാതെ അമേരിക്കൻ പ്രസിഡൻ്റ് ട്രംപുമായി മോദി പെട്ടെന്ന് ഒരു കരാർ ഉണ്ടാക്കി. അത് ട്രംപ് പുറത്തറിയിച്ചതോടെയാണ് ഇന്ത്യയിലെ ജനങ്ങൾ അറിയുന്നത്. ഞാനും മോദിയും കൂടി ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് ട്രംപ് പറഞ്ഞത്. രാജ്യത്ത് ട്രംപിൻെറ കടന്നുകയറ്റത്തിനെതിരെ കോൺഗ്രസ് ഒന്നും മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് വി.ഡി.സതീശൻ നയിക്കുന്ന യു.ഡി.എഫ് ജാഥ തിരുവനന്തപുരത്തെത്തുമ്പോൾ മറ്റൊരു യു.ഡി.എഫ് കൺവീനറെ കണ്ടെത്തേണ്ടിവരുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു. ജാഥയിൽ എൽ.ഡി.എഫ്. നേതാക്കളായ എം. സ്വരാജ്, സി.എസ്.സുജാത, പി. വസന്തം, ആർ. നാസർ, ടി.ജെ. ആഞ്ചലോസ്, എസ്. സോളമൻ, എ.എം. ആരിഫ്, മന്ത്രി പി. പ്രസാദ് എന്നിവർ പ്രസംഗിച്ചു.

Sabarimala gold robbery; Binoy Viswam says UDF involvement in Sabarimala gold theft & criticizes PM Modi’s US deal

More Stories from this section

family-dental
witywide