ശബരിമല സ്വർണ്ണക്കൊള്ള: മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളി കേസിലും സ്വാഭാവിക ജാമ്യം; ജയിൽ മോചിതനാകും

ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചു. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. ദ്വാരപാലക കേസിലും നേരത്തെ ജാമ്യം ലഭിച്ചിരുന്നതിനാൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി ഉണ്ണികൃഷ്ണൻ പോറ്റി ഇന്ന് ജയിൽ മോചിതനാകും. കേസിൽ ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാല് പ്രതികൾക്കാണ് ജാമ്യം ലഭിച്ചിട്ടുള്ളത്.

കഴിഞ്ഞ ജനുവരി 21-നായിരുന്നു ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കർശന ഉപാധികളോടെ ജാമ്യം ലഭിച്ചത്. സ്വാഭാവിക ജാമ്യത്തിന് തനിക്ക് അർഹതയുണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ കേസുകൾ ചാർജ് ചെയ്ത് പോറ്റിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) നീക്കങ്ങൾക്കും തിരിച്ചടി നേരിട്ടു. നിലവിലുണ്ടായിരുന്ന റിയൽ എസ്റ്റേറ്റ്, ചെക്ക് കേസുകൾ പലതും ഒത്തുതീർപ്പായതും പുതിയ പരാതിക്കാർ മുന്നോട്ട് വരാത്തതുമാണ് പോറ്റിയെ വീണ്ടും അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ തടയുന്നത്.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യാനുള്ള ശ്രമം പരാതിക്കാർ സഹകരിക്കാത്തതിനാൽ എസ്‌ഐടി ഉപേക്ഷിച്ചു. കോടതിയിൽ ഇത്തരം കേസുകൾ നിലനിൽക്കില്ലെന്ന് വിലയിരുത്തലിലാണ് അന്വേഷണ സംഘം. ഇതോടെ പുതിയ പരാതികൾ ഇല്ലാത്ത സാഹചര്യത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജയിൽ മോചനത്തിന് തടസ്സങ്ങളില്ലാതായി. ശബരിമലയിലെ സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട ഈ വിവാദം വരും ദിവസങ്ങളിലും രാഷ്ട്രീയമായി ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

Sabarimala Gold Robbery Case: Main Accused Unnikrishnan Potti Gets Bail in Kattilappali Case

More Stories from this section

family-dental
witywide