
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. പോറ്റിയെ കൊല്ലം വിജിലൻസ് കോടതിയാണ് വീണ്ടും റിമാൻഡ് ചെയ്തത്. അദ്ദേഹം നിലവിൽ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലാണ് കഴിയുന്നത്.
ശ്രീകോവിൽ കട്ടിളപ്പാളി കേസിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റി. റിമാൻഡിലായി 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിനായാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നുവെങ്കിലും കട്ടിളപ്പാളി കേസിലെ റിമാൻഡ് തുടരുന്നതിനാൽ അദ്ദേഹത്തിന് പുറത്തിറങ്ങാനാവില്ല.
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുന്നതിലുണ്ടായ കാലതാമസത്തിൽ ഹൈക്കോടതി നേരത്തെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ഫെബ്രുവരി 15-നകം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ (SIT) നിലവിലെ നീക്കം.
കേസിലെ മറ്റൊരു പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ റിമാൻഡ് കാലാവധിയും കഴിഞ്ഞ ദിവസങ്ങളിൽ നീട്ടിയിരുന്നു. ഇതിനിടെ, മുൻ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുവരുന്നു.
Sabarimala gold robbery case: Unnikrishnan Potty’s remand period extended














