
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുകയായിരുന്ന മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവിന് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. മുരാരി ബാബുവിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘത്തിന് കുറ്റപത്രം സമർപ്പിക്കാൻ കഴിയാത്തതിനെത്തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളിലും ശ്രീകോവിൽ കട്ടിളപ്പാളിയിലും സ്വർണം പൂശിയതിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്.
നേരത്തെ ജനുവരി 21-ന് മുരാരി ബാബു ഉൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷകൾ ഹൈക്കോടതി തള്ളിയിരുന്നു. എന്നാൽ കുറ്റപത്രം വൈകിയതോടെ സ്വാഭാവിക ജാമ്യം ലഭിക്കുകയായിരുന്നു.
കേസിൽ ജാമ്യം ലഭിക്കുന്ന ആദ്യ പ്രതിയാണ് മുരാരി ബാബു. ഈ കേസിൽ 4 കിലോയിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഒന്നാം പ്രതി ഉണ്ണി കൃഷ്ണൻ പോറ്റിക്ക് ദ്വാരപാലക കേസിൽ സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. കട്ടിളപ്പാളി കേസിൽ 90 ദിവസം പൂർത്തിയാകാത്തതിനാൽ റിമാൻഡിൽ തുടരുകയാണ്.
മറ്റൊരു പ്രതിയായ തന്ത്രി കണ്ഠര് രാജീവരുടെ 14 ദിവസ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. പ്രതിയുടെ റിമാൻഡ് നീട്ടി വാങ്ങും. ജനുവരി 28 നാണ് തന്ത്രിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
Sabarimala gold robbery: Former administrative officer Murari Babu gets bail













