ശബരിമല സ്വർണ കൊള്ള: എൻ. വാസുവിന് സ്വാഭാവിക ജാമ്യം; 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമർപ്പിക്കാതെ എസ്ഐടി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റും മുൻ കമ്മീഷണറുമായ എൻ. വാസുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. എൻ. വാസുവിനെ അറസ്റ്റ് ചെയ്ത് 90 ദിവസം പിന്നിട്ടിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്തതിനാലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.

ശബരിമലയിലെ ശ്രീകോവിൽ കട്ടിളപ്പാളിയിൽ പതിപ്പിച്ചിരുന്ന സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ മൂന്നാം പ്രതിയാണ് എൻ. വാസു. കഴിഞ്ഞ നവംബർ 11-നാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളികൾ ചെമ്പാണെന്ന് രേഖപ്പെടുത്തി ബോർഡിന് കത്ത് നൽകിയതിലൂടെ സ്വർണം കടത്താൻ എൻ. വാസു സൗകര്യമൊരുക്കിയെന്നാണ് അന്വേഷണ സംഘത്തിൻ്റെ കണ്ടെത്തൽ.

ഈ കേസിൽ ഇതുവരെ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു, എസ്. ശ്രീകുമാർ, സുധീഷ് കുമാർ എന്നിവർക്കാണ് നേരത്തെ ജാമ്യം ലഭിച്ചത്. അതേസമയം, കേസിലെ മറ്റു പ്രതികളായ പങ്കജ് ഭണ്ഡാരി, ഗോവർദ്ധൻ, കെ.എസ്. ബൈജു എന്നിവരുടെ റിമാൻഡ് 14 ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

Sabarimala gold robbery: N. Vasu granted natural bail; SIT fails to file chargesheet even after 90 days.

More Stories from this section

family-dental
witywide