
തിരുവനന്തപുരം : വിവാദമായ ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന തന്ത്രി കണ്ഠരര് രാജീവർക്ക് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. 41 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് ഇദ്ദേഹം പുറത്തിറങ്ങുന്നത്.
ശബരിമല സന്നിധാനത്തെ ശ്രീകോവിലിൻ്റെ കട്ടിളപ്പാളി, ദ്വാരപാലക ശില്പങ്ങൾ എന്നിവയിൽ പതിച്ചിരുന്ന സ്വർണം മോഷ്ടിച്ചതുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് ജാമ്യം ലഭിച്ചത്. ജനുവരി 9-നാണ് പ്രത്യേക അന്വേഷണ സംഘം (SIT) തന്ത്രിയെ അറസ്റ്റ് ചെയ്തത്. പ്രതി ഭാഗത്തിന്റെ വാദങ്ങൾ പരിഗണിച്ച് കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. മോഹിത് സി.എസ് ആണ് ഉത്തരവിട്ടത്.ജയിലിൽ കഴിയവെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഈ കേസിലെ മറ്റ് പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ എന്നിവർക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ അതെല്ലാം കുറ്റപത്രം വൈകിയതു മൂലമുള്ള സ്വാഭാവിക ജാമ്യമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചതിലും തന്ത്രി കണ്ഠര് രാജീവരിനു മുഖ്യപങ്കുണ്ടെന്നും എസ്ഐടി വാദിച്ചിരുന്നു. എന്നാൽ കേസിൽ തന്നെ കുടുക്കിയെന്ന വാദമാണ് തന്ത്രി ഉയർത്തിയത്. താന്ത്രിക വിധിപ്രകാരമുള്ള കാര്യങ്ങളിൽ മാത്രമാണ് താൻ ഇടപെട്ടതെന്നും ബോർഡിൻ്റെ മറ്റു കാര്യങ്ങളിൽ ഇടപെടാൻ തനിക്കു അധികാരമില്ലെന്നും തന്ത്രി ബോധിപ്പിച്ചു.
Sabarimala gold robbery: Thantri Kanthar Rajeev granted bail, released after 41 days in jail















