ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതിക്ക് പിന്നാലെ സുപ്രീം കോടതിയിലും തിരിച്ചടി; ഗോവര്‍ധന്‍റെ ജാമ്യാപേക്ഷ തള്ളി

ന്യൂഡൽഹി : ശബരിമലയിലെ സ്വർണ്ണക്കവർച്ചാ കേസിൽ പ്രതിയായ ഗോവർദ്ധൻ നൽകിയ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കേസിൻ്റെ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ ജാമ്യം നൽകുന്നത് ഉചിതമല്ലെന്ന് കോടതി നിരീക്ഷിച്ചു.

ശബരിമലയിലെ കാണിക്കയായി ലഭിച്ച സ്വർണ്ണം കടത്താൻ ശ്രമിച്ചുവെന്നതാണ് ഗോവർദ്ധനെതിരെയുള്ള പ്രധാന ആരോപണം. ഇതിനുമുമ്പ് കേരള ഹൈക്കോടതിയും ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും ഈ സമയം ഇടപെടാനാകില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീം കോടതി ജാമ്യാപേക്ഷ തള്ളിയത്. കുറ്റപത്രം അടക്കമുള്ള കാര്യങ്ങള്‍ സമര്‍പ്പിച്ചശേഷം ജാമ്യാപേക്ഷ നൽകാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയിൽ പങ്കില്ലെന്നുമാണ് സുപ്രീം കോടതിയിൽ ഫയൽചെയ്ത ജാമ്യഹർജിയിൽ ഗോവർധൻ ചൂണ്ടിക്കാട്ടിയിരുന്നത്.

തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്ഐടി അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്നാണ് ഗോവര്‍ധൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.

ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്. പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകിയിരുന്നു. ബോധപൂര്‍വം തട്ടിപ്പിന് കൂട്ടുനിന്നിട്ടില്ലെന്നും ശബരിമലയിലെ ആവശ്യത്തിനെന്ന് പറഞ്ഞാണ് പലപ്പോഴും പണം നൽകിയതെന്നും സുഹൃത്തെന്ന നിലയിലാണ് സ്വര്‍ണം വാങ്ങിയതെന്നുമാണ് ഗോവര്‍ധൻ മൊഴി നൽകിയിരിക്കുന്നത്.

Sabarimala gold theft: After the High Court, the Supreme Court also gets a setback; Govardhan’s bail plea rejected

More Stories from this section

family-dental
witywide