‘പോറ്റിയെ ആദ്യം കയറ്റിയത് സോണിയയുടെ വീട്ടിൽ, മഹാതട്ടിപ്പുകാർ എങ്ങനെ സോണിയയുടെ അടുത്തെത്തി’? ചോദ്യവുമായി മുഖ്യമന്ത്രി, അടൂർ പ്രകാശിന് രൂക്ഷ വിമർശനം

ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ സോണിയാ ഗാന്ധിയുടെ വസതിയിലെത്തിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് വ്യക്തമായ പങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേസിൽ തന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വാർത്തയ്ക്ക് പിന്നിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്ന അടൂർ പ്രകാശിന്റെ ആരോപണത്തെ മുഖ്യമന്ത്രി പൂർണ്ണമായും തള്ളി. രാജ്യത്തെ ഉന്നത സുരക്ഷയുള്ള നേതാക്കളിലൊരാളായ സോണിയാ ഗാന്ധിയെ കാണാൻ മുതിർന്ന നേതാക്കൾക്ക് പോലും അപ്പോയിന്റ്മെന്റ് ലഭിക്കാത്ത സാഹചര്യത്തിൽ, ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലുള്ള തട്ടിപ്പുകാർക്ക് അവിടെ എങ്ങനെ പ്രവേശനം ലഭിച്ചുവെന്ന് അദ്ദേഹം ചോദിച്ചു.

സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള കൂടിക്കാഴ്ചയിൽ പങ്കില്ലെന്ന അടൂർ പ്രകാശിന്റെ വാദം വിശ്വസനീയമല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. താൻ വിളിച്ചാൽ പോറ്റി വരുമോ എന്ന ചോദ്യം പ്രസക്തമല്ലെന്നും, ഇത്തരം മഹാതട്ടിപ്പുകാർക്ക് സോണിയാ ഗാന്ധിയെപ്പോലൊരു നേതാവിനെ കാണാൻ അവസരമൊരുക്കിയത് ആരാണെന്ന ചോദ്യത്തിന് മറുപടിയില്ലാത്തപ്പോഴാണ് പ്രതിപക്ഷം കൊഞ്ഞനം കുത്തുന്ന നിലപാട് സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അടൂർ പ്രകാശും ആന്റോ ആന്റണിയും അടക്കമുള്ള എംപിമാർക്കൊപ്പമാണ് പ്രതികൾ സോണിയാ ഗാന്ധിയെ കണ്ടതെന്ന ചിത്രങ്ങൾ പുറത്തുവന്നത് ഗൗരവതരമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ശബരിമലയിലെ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് നടക്കുന്നതെന്നും അതിൽ മുഖ്യമന്ത്രിയുടെ ഓഫീസിനോ സർക്കാരിനോ യാതൊരുവിധ ഇടപെടലുമില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള പ്രചരണങ്ങളാണ് യുഡിഎഫ് നടത്തുന്നത്. കുറ്റവാളികൾ ആരായാലും അവർ ശിക്ഷിക്കപ്പെടണമെന്നതാണ് സർക്കാരിന്റെ ഉറച്ച നിലപാടെന്നും, ചില ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ കഴിയാതെ വരുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അടിസ്ഥാനരഹിതമായ പഴിചാരലുകൾ നടത്തുന്നതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

More Stories from this section

family-dental
witywide