
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ എസ്ഐടിക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേസിൽ പ്രതിചേര്‍ക്കപ്പെട്ട ദേവസ്വം ബോര്‍ഡ് മുൻ അംഗം കെപി ശങ്കരദാസിനെ എസ്ഐടി അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഒരാള്‍ പ്രതി ചേര്‍ത്ത അന്ന് മുതൽ ആശുപത്രിയിൽ കിടക്കുകയാണെന്നും അയാളുടെ മകൻ എസ്‍പിയാണെന്നും, അതാണ് ആശുപത്രിയിൽ പോയതെന്നും ജസ്റ്റിസ് ബദ്റുദ്ദീൻ തുറന്നടിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ജ്വല്ലറി വ്യാപാരി ഗോവര്‍ധൻ അടക്കം മൂന്ന് പ്രതികളുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രതികളുടെ ജാമ്യ ഹര്‍ജി വിധി പറയാനായി മാറ്റി. അന്വേഷണ ഉദ്യോഗസ്ഥന്‍റെ നടപടികളോട് യോജിപ്പില്ലെന്നും എസ്ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശബരിമലയിലെ സ്പോണ്‍സര്‍മാര്‍ക്കെതിരെയും ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചു.
കേസിൽ പ്രതികളായ സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, മുൻ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍, മുരാരി ബാബു എന്നീ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. നേരത്തെ എസ്ഐടിയുടെ നടപടിയെ വിമര്‍ശിച്ച അതേ ദേവസ്വം ബെഞ്ച് തന്നെയാണിപ്പോള്‍ വീണ്ടും ശങ്കരദാസിന്‍റെ അറസ്റ്റ് ഉണ്ടാകാത്തതിൽ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും കോടതി മുന്നറിയിപ്പ് നൽകി.
ദേവസ്വം ബോര്‍ഡ് മുൻ പ്രസിഡന്‍റ് പത്മകുമാറിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒരുകാരണവശാലം ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. എല്ലാം ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിക്കാനായിരുന്നെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡെന്നും ഹൈക്കോടതി ചോദിച്ചു.
Sabarimala gold theft case; High Court opens again against SIT; One accused is in hospital since then, his son is SP













