ശബരിമല സ്വർണക്കൊള്ള, ജയിലിലായ തന്ത്രി കണ്ഠരര് രാജീവരരുടെ വീട്ടിൽ എസ്ഐടി റെയ്ഡ്, രേഖകൾ കണ്ടെത്താൻ ശ്രമം

ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠരര് രാജീവരരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) റെയ്ഡ് നടത്തി. കേസിലെ നിർണായക തെളിവുകൾ ശേഖരിക്കുന്നതിന്റെയും രേഖകൾ കണ്ടെത്തുന്നതിനുമായാണ് അന്വേഷണ സംഘത്തിന്റെ ഈ നടപടി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ കടത്തിയതുമായി ബന്ധപ്പെട്ട് തന്ത്രിക്ക് നേരിട്ട് അറിവുണ്ടായിരുന്നു എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോകുന്നത്.

കേസിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ വഴിവിട്ട സഹായങ്ങൾ നൽകിയത് തന്ത്രിയാണെന്ന് അന്വേഷണ സംഘത്തിന് നേരത്തെ വിവരങ്ങൾ ലഭിച്ചിരുന്നു. ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറും ഇതിനെ ശരിവെക്കുന്ന തരത്തിൽ മൊഴി നൽകിയിരുന്നു. സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറിയതിൽ തന്ത്രിയുടെ രഹസ്യ സമ്മതമുണ്ടായിരുന്നുവെന്നും ചട്ടങ്ങൾ ലംഘിച്ചാണ് ഇത്തരം നടപടികൾ സ്വീകരിച്ചതെന്നും റെയ്ഡിന് മുന്നോടിയായി പുറത്തുവന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

തിരുവനന്തപുരത്തെ എസ്.ഐ.ടി ഓഫീസിൽ വെച്ച് നടത്തിയ ദീർഘനേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് കഴിഞ്ഞ ദിവസം തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. നിലവിൽ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യപ്പെട്ട ഇദ്ദേഹത്തെ തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലേക്കാണ് മാറ്റിയത്. തന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും വരും ദിവസങ്ങളിൽ അന്വേഷണം നടക്കുമെന്നാണ് സൂചന.

More Stories from this section

family-dental
witywide