
ശബരിമല ക്ഷേത്രത്തിലെ സ്വർണക്കൊള്ള കേസിൽ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) സന്നിധാനത്ത് പുതിയ പരിശോധന ആരംഭിച്ചു. ശ്രീകോവിലിലെ സ്വർണപ്പാളികളുടെ സാംപിൾ ശേഖരിക്കുന്നതിനും കൂടുതൽ വിശദാംശങ്ങൾ ഉറപ്പാക്കുന്നതിനുമാണ് ഹൈക്കോടതി അനുമതിയോടെ ഈ പരിശോധന നടത്തുന്നത്. മുൻ പരിശോധനകളിൽ തട്ടിപ്പിന്റെ പൂർണ വ്യാപ്തി കണ്ടെത്താൻ കഴിയാതെ വന്നതിനാൽ ശ്രീകോവിലിനു ചുറ്റുമുള്ള ഭാഗങ്ങൾ വിശദമായി പരിശോധിക്കുകയാണ്. പ്രത്യേകം തയാറാക്കിയ മുറിയിൽ വച്ചാണ് പരിശോധന നടക്കുന്നത്.
ശ്രീകോവിലിലെ നാലു തൂണുകൾ ഇളക്കി പരിശോധന നടത്തിയതായി വിവരം. സ്വർണപ്പാളികളുടെ ഗുണനിലവാരവും അളവും ഉറപ്പാക്കുന്നതിനുള്ള സാംപിൾ ശേഖരണമാണ് പ്രധാന ലക്ഷ്യം. കേസുമായി ബന്ധപ്പെട്ട് തിരുവാഭരണം മുൻ കമ്മിഷണർ കെ.എസ്. ബൈജുവിന് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതിനു പിന്നാലെ കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് ജാമ്യം ലഭിച്ചത്. എന്നാൽ മറ്റൊരു കേസിൽ റിമാൻഡിൽ തുടരും.
എസ്ഐടിയുടെ അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്. കേസിലെ പ്രതികളിൽ പലരും സമാന കാരണങ്ങളാൽ ജാമ്യം നേടിയ സാഹചര്യത്തിൽ അന്വേഷണം വേഗത്തിലാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. സ്വർണം അപഹരിക്കപ്പെട്ട വിശദാംശങ്ങൾ ഉറപ്പാക്കുന്നതിനുള്ള ഈ പരിശോധന കേസിന്റെ തീരുമാനത്തിൽ നിർണായകമാകുമെന്നാണ് വിലയിരുത്തുന്നത്.
Sabarimala Gold Theft: SIT at Sannidhanam, Inspects by Shaking Four Pillars of Sreekovil













