നിർണായക ശാസ്ത്രീയ പരിശോധനാ ഫലം; ശബരിമല കട്ടിളയിലെ പാളികൾ മാറ്റിയിട്ടില്ല, മോഷ്ടിക്കപ്പെട്ടത് ചെമ്പ് പാളികളിൽ പൊതിഞ്ഞ സ്വർണം

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പുതിയ വിവരങ്ങൾ പുറത്തുവന്നു. ശബരിമലയിലെ കട്ടിളയിലെ പാളികൾ മാറ്റിയിട്ടില്ലെന്നും കവർന്നത് ചെമ്പ് പാളികൾക്ക് മുകളിൽ പൊതിഞ്ഞ സ്വർണമാണെന്നും സ്ഥിരീകരിച്ചു. ചെമ്പ് പാളികളിൽ പൊതിഞ്ഞ സ്വർണമാണ് മോഷ്ടിക്കപ്പെട്ടതെന്ന് ശാസ്ത്രീയ പരിശോധനാ ഫലങ്ങൾ വ്യക്തമാക്കുന്നു. ഇപ്പോഴുള്ളത് യഥാർത്ഥ ചെമ്പ് പാളികൾ തന്നെയാണെന്നും വിഎസ്എസ്‌സി ശാസ്ത്രജ്ഞർ മൊഴി നൽകി.

പാളികൾ ഉൾപ്പെടെ രാജ്യാന്തര റാക്കറ്റുകൾക്ക് കൈമാറിയോ എന്ന സംശയത്തിന് ഉത്തരമാകുന്നതാണ് ഈ കണ്ടെത്തൽ. ചില പാളികളിൽ ഉണ്ടായ മാറ്റങ്ങൾക്ക് വിഎസ്എസ്‌സി ശാസ്ത്രജ്ഞർ വിശദീകരണം നൽകി. മെർക്കുറിയും അനുബന്ധ രാസവസ്തുക്കളും ചേർത്തതുമൂലമുണ്ടായ ഘടനാപരമായ വ്യതിയാനമാണ് അതിന് കാരണം. പാളികൾ മാറ്റി പുതിയവ സ്ഥാപിച്ചു എന്ന് സ്ഥിരീകരിക്കാൻ തെളിവുകളില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി.

ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെ വെച്ച പാളികളിൽ സ്വർണത്തിന്‍റെ അളവ് ഗണ്യമായി കുറഞ്ഞിരുന്നു. കട്ടിള പഴയത് തന്നെയാണ്, എന്നാൽ അതിലെ സ്വർണം കവർന്നെടുത്തു. പാളികളിൽ സംഭവിച്ചത് രാസഘടനയിലെ വ്യതിയാനം മാത്രമാണെന്നാണ് വിഎസ്എസ്‌സി ശാസ്ത്രജ്ഞരുടെ മൊഴിയിൽ പറയുന്നത്. ഈ മൊഴിയുടെ വിശദാംശങ്ങൾ എസ്ഐടി ഹൈക്കോടതിയെ അറിയിച്ചു. പഴയ വാതിലിൽ നിന്ന് എടുത്ത സാമ്പിളുകളുടെ പരിശോധനയും നിർണായകമാണ്. പരിശോധനയുടെ താരതമ്യ ഫലങ്ങൾ ഉൾപ്പെടുത്തി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്ന് വിഎസ്എസ്‌സി അറിയിച്ചു.