ശബരിമല യുവതി പ്രവേശനം: വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണമെന്നും നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും എംവി ഗോവിന്ദൻ

പാലക്കാട്: സംസ്ഥാന സർക്കാർ ശബരിമല യുവതി പ്രവേശന വിഷയത്തിൽ കോടതിയിൽ പറയുന്ന കാര്യം തനിക്ക് പറയാനാവില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. വിശ്വാസികളുടെ താല്പര്യവും ജനാധിപത്യവും സംരക്ഷിക്കണം. കോടതി പറഞ്ഞപ്പോഴാണ് യുവതികളെ കയറ്റിയതന്നും ജനാധിപതൃത്തിൻ്റെ അന്തസ് സംരക്ഷിക്കുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. പാലക്കാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ശബരിമല വിഷയത്തിൽ സിപിഎം നിലപാട് മാറുമോയെന്ന ചോദ്യത്തിന് മാറാത്തതായി ഒന്നുമില്ല എന്ന് പറഞ്ഞ എംവി ഗോവിന്ദൻ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പാർട്ടി നിലപാട് പറയേണ്ടപ്പോൾ പറയുമെന്നും വ്യക്തമാക്കി. ആഗോള അയ്യപ്പ സംഗമം ഓഡിറ്റ് റിപ്പോര്‍ട്ട് പൂര്‍ണമല്ല. ദേവസ്വം ബോര്‍ഡിന്‍റെ മുന്നില്‍ റിപ്പോര്‍ട്ട് വന്നിട്ടില്ല. പൂര്‍ണ റിപ്പോര്‍ട്ട് വരട്ടെ അപ്പോൾ പ്രതികരിക്കാം. തികച്ചും തെറ്റായ അപാകത നിറഞ്ഞ റിപ്പോര്‍ട്ടാണിതെന്നും അതിനാൽ അതില്‍ പ്രതികരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

പി.കെ ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ട്. അതു കൊണ്ടാണ് ബ്രാഞ്ചിൽ ഇരിക്കുന്നത്. ശശി അല്ല ആരു പോയാലും സിപിഎമ്മിന് പ്രശ്നമില്ല. മത രാഷ്ട്രവാദത്തോട് യോജിപ്പില്ലെന്ന് സമസ്ത വ്യക്തമാക്കിയിട്ടുണ്ട്. സമസ്ത യുഡിഎഫിന് കൃത്യമായ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. വിഡി സതീശനും പികെ കുഞ്ഞാലിക്കുട്ടിക്കുമുള്ള മുന്നറിയിപ്പാണിതെന്നും യുഡിഎഫ്- ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിക്കുന്നതിനുള്ള മുന്നറിയിപ്പാണ് സമസ്ത നൽകിയതെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Sabarimala women’s entry: MV Govindan says interests of believers and democracy should be protected and stance will be taken when needed

More Stories from this section

family-dental
witywide