ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃ പരിശോധന ഹർജികൾ സുപ്രീംകോടതിയിൽ ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ഹർജികൾ പരിഗണിക്കുന്നത്. വിഷയം 9 അംഗ വിശാല ബെഞ്ചിലേക്ക് വിടുന്ന കാര്യത്തിലും തീരുമാനം പറയും.
അടുത്ത കേസ് പരിഗണിക്കുന്ന തീയതിയും കോടതി അറിയിക്കും. ചീഫ് ജസ്റ്റിസ് കോടതിയിൽ 44 -ാമത്തെ ഇനമായാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്. മതസ്വാതന്ത്ര്യവും സ്ത്രീകളുടെ അവകാശങ്ങളും സംബന്ധിച്ച വിഷയങ്ങൾ ആണ് ശബരിമല യുവതി പ്രവേശനത്തോടൊപ്പം സുപ്രീംകോടതി തീരുമാനമെടുക്കാൻ ഒരുങ്ങുന്നത്.
വിഷയത്തിൽ സർക്കാർ നിലപാട് ഒരു മിനിറ്റ് കൊണ്ട് എടുക്കാൻ കഴിയുന്നതല്ലെന്നും ആദ്യം പുനഃപരിശോധന ബെഞ്ച് വരട്ടെ. അതിനുശേഷം നിലപാട് അറിയിക്കുമെന്നും മന്ത്രി പി രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു. സർക്കാരിന്റെ വിശദീകരണം ആവശ്യമുണ്ടോ എന്നതും പുതിയ ബെഞ്ച് ആണ് തീരുമാനിക്കേണ്ടതെന്നും സർക്കാർ നിലപാട് അല്ല പുനഃപരിശോധിക്കുന്നതെന്നും പി രാജീവ് വ്യക്തമാക്കിയിരുന്നു.
Sabarimala women’s entry; review petitions in Supreme Court today












